നാളെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളി പഞ്ചാബ് എഫ്‌സി

നാളെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളി പഞ്ചാബ് എഫ്‌സി

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. നാളെ കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയാണ് എതിരാളികള്‍. തിരുവോണനാളില്‍ സീസണിന് വിജയതുടക്കമിടാന്‍ ടീമൊരുങ്ങിയെന്ന് പരിശീലകന്‍ മൈക്കല്‍ സ്റ്റാറേ പറഞ്ഞു. സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരം, പുതിയ പരിശീലകന്‍, പുതിയ വിദേശ താരങ്ങള്‍. തിരുവോണ ദിനത്തിലെ ആദ്യ മത്സരം ഗംഭീരമാക്കാനൊരുങ്ങുകയാണ് കൊമ്പന്‍മാര്‍.

മറുവശത്ത് പഞ്ചാബിന് തന്ത്രമോതാന്‍ ഗ്രീക്ക് കോച്ച് പനാഗിയോറ്റിസ് ഡിംപെറിസ്. ആദ്യ കിരീടത്തിനിറങ്ങുകയാണ് പഞ്ചാബ്. പുതുപരിശീലകരുടെ ആദ്യ ഐ എസ് എല്‍ പോരാട്ടം കൂടിയാണ് പഞ്ചാബ് – ബ്ലാസ്റ്റേഴ്‌സ് മത്സരം. ഇവാന്‍ വുകമനോവിച്ചിന്റെ പകരക്കാരന്‍ മൈക്കല്‍ സ്റ്റാറേ ബ്ലാസ്റ്റേഴ്‌സിന്റെ വളയം പിടിച്ചുകഴിഞ്ഞു. പരിശീലക കുപ്പായത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ തായ്‌ലന്‍ഡിലും ഡ്യൂറന്റ് കപ്പിലും കളിപ്പിച്ച സ്റ്റാറേയ്ക്ക് ടീമില്‍ പരിപൂര്‍ണ വിശ്വാസം.

മുന്നേറ്റത്തില്‍ ദിമിത്രി ഡയമന്റക്കോസും, മധ്യനിരയില്‍ ജിക്‌സണ്‍ സിംങുമില്ലെങ്കിലും പകരക്കാരെ ഒരുക്കി കഴിഞ്ഞു ബ്ലാസ്റ്റേഴ്‌സ്. ഡ്യൂറന്റ് കപ്പില്‍ മിന്നും ഫോമില്‍ കളിച്ച മൊറോക്കന്‍ താരം നോഹ സദൗയിയും ലൂണയും മുന്നേറ്റത്തിന് കരുത്താകും.

പ്രതിരോധത്തില്‍ അലക്‌സാണ്ടര്‍ കോഫും, പ്രീതം കോട്ടാലും ബ്ലാസ്റ്റേഴ്‌സിനായി കോട്ടകെട്ടും. പക്ഷെ കൊച്ചിയിലെ ആദ്യ മത്സരം മഞ്ഞപ്പടയെ നിരാശരാക്കും. തിരുവോണദിനമായതിനാല്‍ സ്റ്റേഡിയത്തിന് ഉള്‍ക്കൊളളാവുന്നതിന്റെ പകുതിപേരെ മാത്രമാണ് പ്രവേശിപ്പിക്കുക.

അതേസമയം, മുംബൈ സിറ്റി – മോഹന്‍ ബഗാന്‍ മത്സരം ആവേശകരമായ സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. രണ്ട് ഗോളുകള്‍ക്ക് പിന്നിലായതിന് ശേഷമാണ് മുംബൈ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )