ഹിന്ദു മതത്തെ അപമാനിച്ച രാഹുൽ മാപ്പ് പറയണമെന്ന് കങ്കണ റണാവത്ത്
ഡൽഹി: ഹിന്ദു മതത്തെ അപമാനിച്ച രാഹുൽ മാപ്പ് പറയണമെന്ന് ബിജെപി എം.പി കങ്കണ റണാവത്ത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘ഹിന്ദു പരാമർശ’ത്തിനെതിരെയാണ് കങ്കണയുടെ പ്രതികരണം. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ തൻ്റെ ആദ്യ പ്രസംഗത്തിൽ രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.
ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദുമതമെന്ന് പറഞ്ഞ രാഹുൽ ആർഎസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളുടേയും പ്രതിനിധീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ അക്രമത്തെക്കുറിച്ചും വെറുപ്പിനെക്കുറിച്ചും അസത്യത്തെക്കുറിച്ചും സംസാരിക്കുന്നെന്ന് രാഹുൽ ആരോപിച്ചിരുന്നു.
ഹിന്ദു മതം അക്രമരാഹിത്യത്തെക്കുറിച്ചും സത്യത്തോടൊപ്പം നിൽക്കുന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഹുലിൻറെ പ്രസംഗം രൂക്ഷമായ വാഗ്വാദത്തിലേക്കാണ് നയിച്ചത്. ഇതോടെ പ്രധാനമന്ത്രി മോദി വിഷയത്തിൽ ഇടപെട്ടു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് പരാമർശമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സമൂഹമാകെ അക്രമാസക്തരെന്നാണ് രാഹുൽ പറഞ്ഞതെന്ന് മോദി ആരോപിച്ചു. ഇതോടെ രാഹുൽ മാപ്പു പറയണമെന്ന ആവശ്യവുമായി അമിത് ഷായും രംഗത്തെത്തുകയായിരുന്നു.
ഇതിനു പിന്നാലെയായിരുന്നു പാർലമെൻറിന് പുറത്ത് കങ്കണയുടെ പ്രതികരണം. ” രാഹുൽ ഗാന്ധി നമ്മുടെ എല്ലാ ദൈവങ്ങളെയും ദേവതകളെയും കോൺഗ്രസിൻ്റെ ബ്രാൻഡ് അംബാസഡറാക്കിക്കൊണ്ട് ഒരു നല്ല സ്റ്റാൻഡപ്പ് കോമഡിയാണ് ചെയ്തത്. പരമശിവൻറെ കൈ കോൺഗ്രസിൻറെ കൈ ആണെന്നുള്ള രാഹുലിൻറെ വാക്കുകൾ കേട്ട് ഞങ്ങൾ കുറെയധികം ചിരിച്ചു. അല്ലാഹുവിന് വേണ്ടി കൈ ഉയർത്തുന്നവരും കോൺഗ്രസിൻ്റെ കൈകളാണെന്ന് അദ്ദേഹം പറഞ്ഞു. രാജാവിൻറെ മകൻ (രാഹുൽ ഗാന്ധി) വരുമ്പോൾ പ്രധാനമന്ത്രി മോദി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന പരാതി…അത് എങ്ങനെയുള്ള സ്റ്റാൻഡ്അപ്പ് കോമഡിയാണെന്ന് നിങ്ങൾക്ക് മനസ്സിലാകും” കങ്കണ പരിഹസിച്ചു.
“അദ്ദേഹം ദൈവത്തിൻ്റെ ചിത്രങ്ങൾ കൊണ്ടുവന്ന് മേശപ്പുറത്ത് വച്ചു, അത് എല്ലായ്പ്പോഴും ക്ഷേത്രത്തിനുള്ളിൽ സൂക്ഷിക്കണമെന്ന് ഞങ്ങൾക്കറിയാം.അദ്ദേഹം ഹിന്ദു ദൈവങ്ങളെ അപമാനിച്ചു. ഹിന്ദു മതവും അത് പിന്തുടരുന്നവരും അക്രമ സ്വഭാവമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ഈ പരാമർശങ്ങളിൽ അദ്ദേഹം മാപ്പ് പറയണം” കങ്കണ കൂട്ടിച്ചേർത്തു.