കലൂർ നൃത്ത പരിപാടി; സംഘാടകൻ കീഴടങ്ങി
കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്കു ഗുരുതര പരുക്കേറ്റ കലൂരിലെ നൃത്ത പരിപാടിയുടെ സംഘാടകൻ കീഴടങ്ങി. മൃദംഗവിഷൻ ഉടമ നിഗോഷ് കുമാറാണ് പാലാരിവട്ടം സ്റ്റേഷനിൽ കീഴടങ്ങിയത്. ഉച്ചയ്‌ക്ക് 2ന് പാലാരിവട്ടം പൊലീസിൽ ഹാജരാകണമെന്നു നിഗോഷ് കുമാറിനോടു ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസിൻ്റെ നീക്കം. നിഗോഷ് കുമാറാണ് പരിപാടിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നതെന്ന് നേരത്തേ അറസ്റ്റിലായ മൃദംഗവിഷൻ സിഇഒ പറഞ്ഞിരുന്നു.
അതേസമയം നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എന്‍.നിതയെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. നൃത്ത പരിപാടിക്ക് ലൈസൻസ് അപേക്ഷ നൽകിയത് മേലധികാരികളെ അറിയിച്ചില്ല, പരിപാടി നടന്ന ദിവസം സ്റ്റേഡിയം സന്ദർശിച്ചില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെൻഷൻ.