എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തി വെട്ടുന്ന ജയം നേടും; കെ സുരേന്ദ്രൻ
കോഴിക്കോട്: എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തി വെട്ടുന്ന വിജയം കേരളത്തിൽ ബിജെപി നേടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഞ്ചോ ആറോ സീറ്റുകളിൽ ബിജെപി വിജയിക്കുമെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. കേരളത്തിൽ എൽഡിഎഫിന് എതിരായ ഭരണവിരുദ്ധ വികാരത്തിൻ്റെ ഗുണം ബിജെപിക്ക് ലഭിക്കും. തെരഞ്ഞെടുപ്പ് ഫലം കേരളാ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫിനും എൽഡിഎഫിനും വോട്ട് ശതമാനം കുറയും. കേരളത്തിൽ ഇരു പാർട്ടികൾക്കും ബദലായി ജനങ്ങൾ ബിജെപിയെ കാണുന്നുവെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരനും പ്രതികരിച്ചു. മാധ്യമങ്ങൾ നടത്തിയ പ്രവചനങ്ങൾ ശരി വെക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും അതെവിടെയെന്ന് ഫലം വരട്ടെയെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം. ഉയർത്തിയ പ്രചരണ മുദ്രാവാക്യം ജനം സ്വീകരിച്ചതിന് തെളിവാണ് മാധ്യമസർവ്വേകളെന്നും യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും വോട്ട് ബിജെപിയിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.