ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. നിയമനം രാഷ്ട്രപതി ദ്രൗപതി മുർമു വിജ്ഞാപനം ചെയ്തു. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ നിയമിക്കുന്നത്. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ഇക്കാര്യം അറിയിച്ചത്.

”ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരം വിനിയോഗിച്ച്, ബഹുമാനപ്പെട്ട രാഷ്ട്രപതി, ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച ശേഷം, ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിയായ ശ്രീ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിൽ സന്തോഷമുണ്ട്. 2024 നവംബർ 11-ന് ചുമതലയേൽക്കും,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി ചീഫ് ജസ്റ്റിസ് ഏറ്റവും സീനിയർ ജഡ്ജിയെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്യുന്നതാണ് രീതി. അതിന്റെ ഭാഗമായി അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേരത്തെ ശുപാർശ ചെയ്തിരുന്നു.

ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ് രാജ് ഖന്നയുടെയും ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ ഹിന്ദി ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനായി 1960 മേയ് 14-നാണ് സഞ്ജീവ് ഖന്ന ജനിച്ചത്. ഡൽഹി സർവകലാശാലയിൽനിന്ന് നിയമബിരുദമെടുത്തശേഷം ഡൽഹിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 2005-ൽ ഖന്ന ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. അടുത്തവർഷം ഡൽഹി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയുമായി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )