ജയസൂര്യ ന്യൂയോർക്കിൽ; ദുബൈയിലേക്ക് കടക്കാനും ശ്രമം
നടിമാരുടെ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റ് ഭയന്ന് നടൻ ജയസൂര്യ ന്യൂയോർക്കിൽ തന്നെ തുടരാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ന്യൂയോര്‍ക്കില്‍ നിന്നു കൊണ്ട് മുന്‍കൂര്‍ ജാമ്യം തേടാനും ജയസൂര്യ ശ്രമം തുടങ്ങിയിട്ടുണ്ട്. കടമറ്റത്ത് കത്തനാർ എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ജയസൂര്യ ഇപ്പോൾ. ഏതാനും ദിവസം കൂടി ന്യൂയോർക്കിൽ താമസിച്ച ശേഷം ദുബൈയിലേക്ക് പോകാനാണ് നടന്റെ പദ്ധതിയെന്നും റിപ്പോർട്ടുണ്ട്.
ജാമ്യമില്ലാ കുറ്റം ചുമത്തിയതിനാൽ നാട്ടിൽ മടങ്ങിയെത്തിയാലുടൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന ഭീതിയും നടൻ പങ്കുവെച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ ജയസൂര്യ വിദേശത്ത് തുടരും എന്നാണ് ജയസൂര്യയുടെ സുഹൃത്തുക്കള്‍ പറയുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി എന്ത് തീരുമാനം എടുക്കുന്നു എന്നത് അനുസരിച്ചായിരിക്കും ജയസൂര്യ നാട്ടിലെത്തുക.
സിനിമ മേഖലയിലെ ലൈംഗികപരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് അന്വേഷിക്കുക. നേരത്തെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു.
സെക്രട്ടേറിയറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തു വച്ചു കടന്നുപിടിച്ചു ലൈംഗികമായി അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.
തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്നു തിരുവനന്തപുരം സ്വദേശിയായ നടി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ജയസൂര്യയ്‌ക്കെതിരെ രണ്ടാമത്തെ കേസ് എടുത്തത്.