ജമ്മു കശ്മീര്‍ ഭീകരാക്രമണത്തില്‍ ഒരു സൈനികന് കൂടി വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഗുല്‍മാര്‍ഗില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം 3 ആയി. പാക്ക് ഭീകരരാണ് സംഭവത്തിനു പിന്നിലെന്ന് സൈന്യം വ്യക്തമാക്കി. വനത്തില്‍ ഒളിച്ച ഭീകരരെ കണ്ടെത്താന്‍ ഡ്രോണുകളും ഹെലികോപ്ടറുകളും ഉപയോഗിച്ച് നിയന്ത്രണ രേഖയോടു ചേര്‍ന്ന പ്രദേശത്ത് ശക്തമായ തിരച്ചില്‍ നടക്കുകയാണ്.
വ്യാഴാഴ്ച വൈകിട്ട് ബോട്ട പത്രി മേഖലയില്‍ സൈനിക വാഹനത്തിനു നേരെ നടന്ന ആക്രമണത്തില്‍ 2 സൈനികര്‍ക്കൊപ്പം 2 ചുമട്ടുതൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. ബാരാമുള്ള നൗഷേര സ്വദേശി മുഷ്താഖ്, ഉറി സ്വദേശി സഹൂര്‍ അഹമ്മദ് മിര്‍ എന്നിവരാണ് മരിച്ച തൊഴിലാളികള്‍. സൈനികരില്‍ ഒരാള്‍ അനന്ത്‌നാഗ് സ്വദേശിയും മറ്റൊരാള്‍ സിര്‍സ സ്വദേശിയുമാണ്. പരുക്കേറ്റ 2 സൈനികരടക്കം 3 പേരെ ആശുപത്രിയിലേക്ക് മാറ്റി.
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഖലയായ സിയാച്ചിനില്‍ നിയോഗിക്കുന്ന സൈനികര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന കേന്ദ്രത്തിന് ഏതാനും കിലോമീറ്റര്‍ അടുത്താണ് ആക്രമണം നടന്നത്. പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് ആക്രമണം നടന്നത്. 19 പേര്‍ സഞ്ചരിച്ച സൈനിക വാഹനത്തിനു നേരെ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. പ്രശസ്ത വിനോദ സഞ്ചാര മേഖലയായ ഗുല്‍മാര്‍ഗിന് 6 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്നത്. ഇവിടത്തെ മുഖ്യആകര്‍ഷണമായ ഗോണ്ടോല റോപ്‌വേ സുരക്ഷാ കാരണങ്ങളാല്‍ രാവിലെ അടച്ചെങ്കിലും വൈകുന്നേരത്തോടെ തുറന്നു. സഞ്ചാരികള്‍ക്ക് നിയന്ത്രണം ഇല്ല.