ഇസ്രയേൽ ആക്രമണം; കുട്ടികളടക്കം 100 പേർ കൂടി കൊല്ലപ്പെട്ടു
ഗാസ: ഗാസയിലും ലബനാനിലുമായി കുട്ടികളും സ്ത്രീകളുമടക്കം 100പേരെ ഇസ്രയേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ആകാശത്ത് നിന്ന് ബോംബിട്ടാണ് ഇസ്രയേലിന്റെ ക്രൂര ആക്രമണം. ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 50ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി മെഡിക്കൽ സ്രോതസ്സുകളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു.
വടക്കൻ ഗാസയിൽ മാത്രം 42 പേരാണ് കൊല്ലപ്പെട്ടത്. ലബനാനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സേന 52 പൗരന്മാരെ കൊലപ്പെടുത്തിയതായി ലബനാൻ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 161 പേർക്കാണ് ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റത്.
അതേസമയം ലബനാനിലെ സിഡോൺ നഗരത്തിൽ വാഹനത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ മൂന്ന് പേർ കൊലപ്പെട്ടു. ഈ വാഹനത്തിന് സമീപമുണ്ടായിരുന്ന ഐക്യരാഷ്ട്രസഭയുടെ യുനീഫിൽ സേനാംഗങ്ങളായ ആറ് മലേഷ്യൻ പൗരന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തിൽ 43,469 പലസ്തീനികൾ കൊല്ലപ്പെടുകയും 102,561 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലബനാനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 3,102 പേർ കൊല്ലപ്പെടുകയും 13,819 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.