നിമിഷ പ്രിയ വിഷയം; മോചനത്തിൽ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്‍ വിദേശകാര്യ ഉദ്യോഗസ്ഥൻ
ഡൽഹി: നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറെന്ന് അറിയിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിനിടെയാണ് മുതിർന്ന ഇറാൻ വിദേശകാര്യ ഉദ്യോഗസ്ഥൻ നിലപാട് വ്യക്തമാക്കിയത്. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയിരുന്നു.
അതേ സമയം നിമിഷപ്രിയയുടെ കാര്യത്തിൽ പ്രതീക്ഷകൾ അസാനിച്ചിട്ടില്ലെന്ന് യെമനിൽ നിമിഷയുടെ മോചനത്തിനായി പ്രവർത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തൻ സാമുവൽ ജെറോം പറഞ്ഞിരുന്നു. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.