ഇരകളായവര്‍ക്ക് നീതി ലഭിക്കണം. എരിവും പുളിയും എന്ന പരാമർശത്തിൽ തിരുത്തുമായി നടൻ ഇന്ദ്രൻസ്

ഇരകളായവര്‍ക്ക് നീതി ലഭിക്കണം. എരിവും പുളിയും എന്ന പരാമർശത്തിൽ തിരുത്തുമായി നടൻ ഇന്ദ്രൻസ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ തിരുത്തുമായി നടന്‍ ഇന്ദ്രന്‍സ് രംഗത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ നിസാരവത്കരിക്കുന്നില്ല. അതിന്റെ രീതിയോ വിവരങ്ങളോ ഒന്നും അറിയില്ല. ഭീകരം പിടിച്ച എന്തോ ആണെന്ന് അറിയാം. സത്യം ഏതാണെന്ന് അറിയാത്തത് കൊണ്ട് സംസാരിക്കരുത് എന്ന താക്കീത് ഉള്ളിലുണ്ടെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടട്ടെയെന്നും അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞു. രഞ്ജിത്തിനെ ഏറെ ബഹുമാനത്തോടെയാണ് നോക്കികണ്ടിരുന്നതെന്നും ചില കാര്യങ്ങള്‍ നടക്കേണ്ടിയിരുന്നില്ലെന്ന് ഓര്‍ത്ത് ദു:ഖമുണ്ടെന്നും ഇന്ദ്രന്‍സ് പറഞ്ഞു.


നടന്‍ ഇന്ദ്രന്‍സിന്റെ വാക്കുകള്‍:

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ നിസാരവത്കരിക്കുന്നില്ല. എന്ത് പ്രശ്‌നം വന്നാലും അവസാനം ചെന്ന് സഹായം ചോദിക്കാന്‍ പറ്റുന്ന ഒരു സ്ഥലമല്ലേ നീതിപീഠം. ഇരകളായവര്‍ക്ക് നീതി ലഭിക്കണം. അതിന്റെ രീതിയോ വിവരങ്ങളോ ഒന്നും അറിയില്ല. ഭീകരം പിടിച്ച എന്തോ ആണെന്ന് അറിയാം. രഞ്ജിത്തിനെ ഒക്കെ അത്ര ബഹുമാനത്തോടെ കണ്ട വ്യക്തിയാണ്. ബാക്കിയുള്ള അവരുടെ കാര്യങ്ങള്‍ അറിയില്ല. ചില കാര്യങ്ങള്‍ നടക്കേണ്ടിയിരുന്നില്ല എന്നതോര്‍ത്ത് ദു:ഖമുണ്ട്. റിപ്പോര്‍ട്ടിനെ കുറിച്ച് തുറന്നുപറയാന്‍ ഭയമില്ല. പക്ഷേ സത്യം ഏതാണെന്ന് അറിയാത്തത് കൊണ്ട് സംസാരിക്കരുത് എന്ന താക്കീത് എന്റെയുള്ളില്‍ തന്നെയുണ്ട്. കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യങ്ങളാണെന്നല്ലേ പറഞ്ഞത്. സത്യാവസ്ഥ അറിയില്ലല്ലോ. പിന്നെ എങ്ങനെയാണ് ഇത്തരമൊരു വിഷയത്തില്‍ ഒരു ജഡ്ജ്‌മെന്റില്‍ എത്തുക. 

അന്വേഷിക്കേണ്ട സംവിധാനം ഉള്ളപ്പോള്‍ അത് ഭംഗിയായി ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷ. തുടര്‍ന്നും അങ്ങനെയൊന്നും ഉണ്ടാകാതിരിക്കട്ടെ,’ അദ്ദേഹം പറഞ്ഞു. എരിവും പുളിയും എന്ന പരാമര്‍ശം മറ്റ് ഉദ്ദേശങ്ങളോടെയല്ല പറഞ്ഞത്. ഇങ്ങനെ വാര്‍ത്തകള്‍ വരുമ്പോഴാണല്ലോ എല്ലാവരും ഒത്തുകൂടുന്നത്. എല്ലാവര്‍ക്കും ഒരു ഉണര്‍വാകട്ടെ എന്ന് കരുതി പറഞ്ഞതാണ്. മറ്റ് അര്‍ത്ഥങ്ങളൊന്നുമില്ലെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )