ഇന്ത്യയിലെ ആദ്യ എച്ച്എംപിവി കേസ് ബംഗളുരുവിൽ; 8 മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു
ഇന്ത്യയിലെ ആദ്യ എച്ച് എം പി വി കേസ് ബംഗുരുരുവില്‍. 8 മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ലാബ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞിന് വിദേശയാത്ര പശ്ചാത്തലമില്ല. രോഗം എവിടെ നിന്നാണ് വന്നതെന്ന് പരിശോധിക്കുകയാണ് ആരോഗ്യവകുപ്പ്. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യകേസാണിത്. എന്നാല്‍ ചൈനീസ് വേരിയന്റ് തന്നെയാണോ എന്നതില്‍ സ്ഥിരീകരണമില്ല. കുഞ്ഞിന് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരിശോധന തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.
കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എച്ച്എംപിവി ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിന് ചൈനയില്‍ കണ്ടെത്തിയ എച്ച്എംപിവി വകഭേദമാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.
അതേസമയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. നേരത്തെയും ചൈനയില്‍ ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് എന്ന വൈറസ് പടരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിച്ച് കേന്ദ്ര ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് രംഗത്തെത്തിയിരുന്നു. ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. രാജ്യത്തെ പകര്‍ച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തിവരികയാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെ പൊതുവായ മുന്‍കരുതലുകള്‍ എടുക്കുകയാണ് വേണ്ടതെന്ന് ഡിജിഎച്ച്എസ് ഉദ്യോഗസ്ഥന്‍ ഡോ. അതുല്‍ ഗോയല്‍ പറഞ്ഞു. എച്ച്എംപിവിക്ക് പ്രത്യേക ആന്റിവൈറല്‍ ചികിത്സയൊന്നുമില്ല. അതിനാല്‍ അതിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിരോധം പ്രധാനമാണെന്നും വിദഗ്ധര്‍ പറയുന്നു. ജലദോഷത്തിന് കാരണമാകുന്ന മറ്റേതൊരു ശ്വാസകോശ വൈറസിനെയും പോലെയാണ് മെറ്റാപ്ന്യൂമോവൈറസ്, പ്രായമായവരിലും ചെറുപ്പത്തിലും പനി പൊതുവായ ലക്ഷണമാണെന്നും ഡോ. അതുല്‍ ഗോയല്‍ പറഞ്ഞു.
എല്ലാ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കെതിരെയും പൊതുവായ മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ്. അതായത് ആര്‍ക്കെങ്കിലും ചുമയും ജലദോഷവും ഉണ്ടെങ്കില്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണമെന്നും ഡോ. അതുല്‍ കൂട്ടിച്ചേര്‍ത്തു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. ജലദോഷമോ പനിയോ ഉള്ളപ്പോള്‍ ആവശ്യമായ സാധാരണ മരുന്നുകള്‍ കഴിക്കുക. അല്ലാത്തപക്ഷം നിലവിലെ അവസ്ഥയെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു