ഇന്ത്യ-കാനഡ തർക്കം; ചർച്ച നടത്തണമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാക്കളുമായി പ്രധാനമന്ത്രി ചർച്ചനടത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. എക്സിലൂടെയാണ് ജയ്റാം രമേശ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്ത്യ-കാനഡ ബന്ധം സംബന്ധിച്ച അതീവ തന്ത്രപ്രധാനവും നിർണായകവുമായ വിഷയത്തിൽ പാർലമെന്‍റ് ഇരുസഭകളിലെ പ്രതിപക്ഷ നേതാക്കളെയും മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസത്തിലെടുക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ’ -ജയ്റാം രമേശ് വ്യക്തമാക്കി.
അതേസമയം, ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കനേഡിയന്‍ പ്രധാനമന്ത്രി വീണ്ടും രംഗത്ത് വന്നിരുന്നു. പൊതു സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ കൈവശമുണ്ടെന്ന് ട്രൂഡോ ആരോപിച്ചു.
ദക്ഷിണേഷ്യന്‍ കാനഡക്കാരെ ലക്ഷ്യമിട്ടുള്ള രഹസ്യപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാരുടെ പങ്ക് സംബന്ധിച്ച് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ കൈവശം തെളിവുണ്ടെന്നും ട്രൂഡോ വ്യക്തമാക്കി. ഇന്ത്യന്‍ അധികൃതരുമായി സഹകരിക്കാന്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഒന്നിലധികം തവണ ശ്രമിച്ചിരുന്നുവെങ്കിലും ഈ ശ്രമങ്ങള്‍ നിരസിക്കപ്പെട്ടതായി ട്രൂഡോ പറഞ്ഞു.