‘ഗ്രീഷ്മക്ക് പരമാവധി ശിക്ഷലഭിക്കണം, അമ്മയെ വെറുതെ വിട്ടതിൽ മേൽക്കോടതിയെ സമീപിക്കും’; ഷാരോണിന്റെ കുടുംബം
ഷാരോണ്‍ വധക്കേസിലെ വിധി മാതാപിതാക്കള്‍ കേട്ടത് പൊട്ടിക്കരച്ചിലോടെയായിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയെ വെറുതെ വിട്ടതില്‍ മേല്‍ക്കോടതിയെ സമീപിക്കും എന്നാണ് കുടുംബത്തിന്റെ ആദ്യ പ്രതികരണം. ഗ്രീഷ്മക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്നും കുടുംബം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ പിതാവ് ജയരാജും മാതാവ് പ്രിയയും കോടതിയിലേക്ക് പോയില്ല. വിധി കേള്‍ക്കാന്‍ ടി.വി ക്ക് മുന്നില്‍ കാത്തിരുന്നു. അമ്മ പ്രിയ വിധിയെ സ്വീകരിച്ചത് പൊട്ടിക്കരച്ചിലോടെയാണ്.
ഗ്രീഷ്മ കുറ്റക്കാരി എന്ന് കണ്ടെത്തിയത് സന്തോഷം ഉണ്ടെന്നും, ഗ്രീഷ്മയുടെ മാതാവിനെ വെറുതെ വിട്ടതില്‍ തുടര്‍ നിയമ നടപടി സ്വീകരിക്കുമെന്നും പിതാവ് ജയരാജ് പറഞ്ഞു.പൊലീസും മാധ്യമങ്ങളും തങ്ങള്‍ക്കൊപ്പം നിന്നെന്ന് ഷാരോണിന്റെ മാതാവ് പ്രിയ പറഞ്ഞു. ഏറ്റവും പരമാവധി ശിക്ഷ തന്നെ ഗ്രീഷ്മക്ക് ലഭിക്കുമെന്നും പ്രതീക്ഷയുണ്ടെന്നും മാതാവ് പ്രതികരിച്ചു . നാളെ ശിക്ഷാവിധി കൂടി പുറത്തുവന്നശേഷം തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
അതേഅസമയം ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മലകുമാര്‍ കുറ്റക്കാരനാണെന്നും കോടതി നിരീക്ഷിച്ചു. ശിക്ഷാ വിധി നാളെയുണ്ടാകും. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.