ഓൺലൈൻ തട്ടിപ്പ്; യുവാക്കളെ കംബോഡിയയിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ

ഓൺലൈൻ തട്ടിപ്പ്; യുവാക്കളെ കംബോഡിയയിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിൽ

കൊല്ലം: ഓൺലൈൻ തട്ടിപ്പിനുവേണ്ടി യുവാക്കളെ വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പോലീസ് പിടിയിൽ. വെള്ളിമൺ ഇടവട്ടം രഞ്ജിനി ഭവനത്തിൽ പ്രവീൺ (26) ആണ്‌ കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. വിയറ്റ്‌നാമിൽ പരസ്യ കമ്പനിയിൽ ജോലി വാഗ്ദാനംചെയ്താണ് യുവാക്കളെ കടത്തിയിരുന്നത്.

ഇതിനായി വിസ ആവശ്യങ്ങൾക്കെന്നുപറഞ്ഞ് രണ്ടുമുതൽ മൂന്നുലക്ഷം രൂപവരെ വാങ്ങുകയും ചെയ്തിരുന്നു. ടൂർ വിസയിൽ വിയറ്റ്‌നാമിൽ എത്തിക്കുന്ന യുവാക്കളെ കംബോഡിയ അതിർത്തിയോടുചേർന്നുള്ള ഹോട്ടലുകളിൽ താമസിപ്പിക്കും. അവിടെയുള്ള ഏജന്റുമാർ യുവാക്കളുടെ പാസ്പോർട്ടും മൊബൈൽ ഫോണുകളും വാങ്ങിവെച്ചതിനുശേഷം അനധികൃതമായി അതിർത്തികടത്തി കംബോഡിയയിൽ എത്തിക്കുകയായിരുന്നു.

ഇവിടെ ഇവർക്ക് ഓൺലൈൻ തട്ടിപ്പു നടത്തുകയെന്ന ജോലിയാണ് നൽകിയിരുന്നത്.സാമൂഹികമാധ്യമങ്ങളിലൂടെ വിവിധ രാജ്യങ്ങളിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാനും തട്ടിപ്പുനടത്തി പണം കണ്ടെത്താനും നിർദേശം നൽകും. പ്രവീൺ മുമ്പ് കംബോഡിയയിൽ ജോലിക്കായിപോയി തട്ടിപ്പുകാരുമായി ബന്ധം സ്ഥാപിച്ചിരുന്നു. തുടർന്ന് നാട്ടിൽ തിരിച്ചെത്തിയശേഷം ഉയർന്ന ശമ്പളം വാഗ്ദാനംചെയ്ത് യുവാക്കളെ കംബോഡിയയിലേക്ക് കടത്തുകയായിരുന്നു. ഇയാളുടെ തട്ടിപ്പിനിരയായി കംബോഡിയയിൽപോയി മടങ്ങിയെത്തിയ യുവാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )