ഹണി റോസിന്റെ മൊഴി രേഖപ്പെടുത്തി; നിരീക്ഷണം ശക്തമാക്കി പോലീസ്

ഹണി റോസിന്റെ മൊഴി രേഖപ്പെടുത്തി; നിരീക്ഷണം ശക്തമാക്കി പോലീസ്

നടി ഹണി റോസിന്റെ സൈബര്‍ ആക്രമണ പരാതിയില്‍ നിരീക്ഷണം ശക്തമാക്കി പൊലീസ്. ഹണി റോസിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവര്‍ക്കെതിരെ ഉടനടി കേസെടുക്കും. കൂടുതല്‍ അറസ്റ്റുകളും ഉണ്ടാകും. അതേസമയം കേസുമായി ബന്ധപ്പെട്ട് ഹണി റോസിന്റെ മൊഴി രേഖപ്പെടുത്തി. ഇന്നലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് ഹണി റോസ് മൊഴി നല്‍കിയത്. ഹണി റോസിനെതിരായ സൈബര്‍ ആക്രമണത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുളള അന്വേഷണം പൊലീസ് തുടരുകയാണ്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ് കൊച്ചി പൊലീസ്. വ്യാജ ഐഡികളാണെങ്കിലും ലൊക്കേഷന്‍ കണ്ടെത്തി പ്രതികളെ പിടികൂടാനാണ് പൊലീസ് തീരുമാനം.

നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാല്‍ സ്വമേധയാ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. മുപ്പത് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ അശ്ലീല കമന്റിട്ടതില്‍ എറണാകുളം കുമ്പളം സ്വദേശി അറസ്റ്റിലായിരുന്നു. അതേസമയം നടിക്ക് അമ്മ സംഘടന പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ യുദ്ധം പ്രഖ്യാപിച്ച് നടി ഹണി റോസ് രംഗത്തെത്തിയിരുന്നു. അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ… എല്ലാ സ്ത്രീകള്‍ക്കും വേണ്ടി നിങ്ങളോട് ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന് ഹണി റോസ് സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു. ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ലെന്നും താരം പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ലെന്നും താരം പറയുന്നു. ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്. എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷെ അത്തരം പരാമര്‍ശങ്ങള്‍ക്ക്, ആംഗ്യങ്ങള്‍ക്ക് ഒരു റീസണബിള്‍ റെസ്ട്രിക്ഷന്‍ വരണം എന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ഹണി തന്റെ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ താരത്തിന് പിന്തുണയുമായി ‘അമ്മ’ സംഘടന രംഗത്തെത്തി. ഹണി റോസിന്റെ നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് അമ്മ സംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റി അറിയിച്ചു. സ്ത്രീത്വത്തെയും, നടിയുടെ തൊഴിലിനേയും, അപഹസിക്കുവാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ അമ്മ അപലപിക്കുന്നതായും അമ്മ സംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റി വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു. ഹണി റോസ് നടത്തുന്ന എല്ലാ വിധ നിയമപ്പോരാട്ടങ്ങള്‍ക്കും അമ്മ സംഘടന പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും, ആവശ്യമെങ്കില്‍ വേണ്ടുന്ന എല്ലാവിധ നിയമസഹായം നല്‍കുവാന്‍ ഒരുക്കമാണെന്നും അമ്മ അഡ്ഹോക്ക് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )