ഇന്ത്യയിൽ രണ്ട് കുട്ടികള്‍ക്ക് കൂടി എച്ച്.എം.പി.വി

ഇന്ത്യയിൽ രണ്ട് കുട്ടികള്‍ക്ക് കൂടി എച്ച്.എം.പി.വി

ന്യൂഡൽഹി: രാജ്യത്ത് രണ്ട് കുട്ടികള്‍ക്ക് കൂടി എച്ച്.എം.പി.വി. സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിൽ നിന്നുള്ള ഏഴും പതിനാലും വയസ്സുള്ള രണ്ടുകുട്ടികളിലാണ് രോ​ഗം സ്ഥിരീകരിച്ചത്. സ്വകാര്യ ലാബിൽ നിന്നുള്ള പരിശോധനയിലാണ് ഫലം പുറത്തുവന്നത്. ജനുവരി മൂന്നിനാണ് പനിയും ചുമയും മൂലം കുട്ടികളെ ന​ഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച എച്ച്.എം.പി.വി. കേസുകളുടെ എണ്ണം ഏഴായി. കുട്ടികളുടെ സാമ്പിളുകൾ എയിംസ് വൈറോളജി ഡിപ്പാർട്മെന്റിലേക്ക് അയച്ചിരിക്കുകയാണ്. രണ്ടുരോ​ഗികളും നിലവിൽ രോ​ഗമുക്തരാണെന്ന് നാ​ഗ്പൂർ കളക്ടർ അറിയിച്ചു. തിങ്കളാഴ്ച അഞ്ച് എച്ച്.എം.പി.വി. കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിലെ ബെം​ഗളൂരുവിൽ നിന്നാണ് ആദ്യരണ്ടു കേസുകൾ.

പിന്നാലെ തമിഴ്നാട്ടിൽ രണ്ടുപേരിലും ​ഗുജറാത്തിൽ ഒരാൾക്കും രോ​ഗം സ്ഥിരീകരിച്ചു. അതിനിടെ ഈ രോ​ഗം പുതുതല്ലെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. കർണാടകയിൽ രോ​ഗം സ്ഥിരീകരിച്ചതിനുപിന്നാലെ മഹാരാഷ്ട്രയിൽ ജാ​ഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയ്ക്കെതിരേ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവിഭാഗം ഡയറക്ടർ ഡോ. നിതിൻ അംബാദേക്കർ സംസ്ഥാനത്തുടനീളമുള്ള ഡെപ്യൂട്ടി ഡയറക്ടർമാർ, സിവിൽ സർജന്മാർ, ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവർക്ക് നിർദേശം നൽകി. ആവശ്യമായ മുൻകരുതലുകൾ നടപ്പാക്കുമെന്നും ജനം പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )