ഹേമ കമ്മറ്റി റിപ്പോർട്ട്: അതിജീവിതകൾക്ക് ബന്ധപ്പെടാൻ നോഡൽ ഓഫീസറെ നിയോഗിച്ച് ഡി.ജി.പി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അതിജീവിതകള്‍ക്ക് ബന്ധപ്പെടാന്‍ നോഡല്‍ ഓഫീസറെ ഏര്‍പ്പെടുത്തി. ജി പൂങ്കുഴലി ഐപിഎസിനെ നോഡല്‍ ഓഫീസറാക്കിയാണ് ഡി.ജി.പിയുടെ ഉത്തരവ്. ഏത് അടിയന്തര സാഹചര്യത്തിലും അതിജീവിതമാര്‍ക്ക് ഉദ്യോഗസ്ഥയെ ബന്ധപ്പെടാവുന്നതാണ്.
പരാതികളില്‍ സ്വീകരിച്ച നടപടികള്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറെ അറിയിക്കണമെന്നും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീഷണി അടക്കമുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നോഡല്‍ ഓഫീസറുടെ സംരക്ഷണം തേടാമെന്നും ഡിജിപി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട് (SIT) ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പരാതിക്കാര്‍ നേരിടുന്ന ആക്ഷേപങ്ങളെക്കുറിച്ച് നോഡല്‍ ഓഫീസറെ അറിയിക്കാം. ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എസ്‌ഐടിയോട് നോഡല്‍ ഓഫീസറെ നിയമിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചാല്‍ പരാതിക്കാര്‍ക്ക് നോഡല്‍ ഓഫീസറെ അറിയിക്കാം. പരാതികള്‍ പരിശോധിച്ച് നോഡല്‍ ഒഫീസര്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിന് പിന്നാലെ വിവാദവും തലപൊക്കി. റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ ഉണ്ടായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഏറ്റവും നിര്‍ണായകമായ വിവരങ്ങള്‍ ഈ പേജുകളിലാണെന്നായിരുന്നു ഉയര്‍ന്ന ആരോപണം.
ഹേമ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വെട്ടിയ ഭാഗങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ ഇന്ന് ഉത്തരവില്ല. ഇതുസംബന്ധിച്ച് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് പുറത്തുവിടില്ലെന്നാണ് വിവരം. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് വിവരാവകാശ കമ്മീഷനില്‍ നിന്ന് ലഭിക്കുന്ന വിവരം.
വിവരാവകാശ കമ്മീഷന്‍ മുമ്പില്‍ പുതിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ പരാതി പരിശോധിച്ച ശേഷം മാത്രമേ ഉത്തരവ് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂവെന്നുമാണ് അപ്പീല്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകനെ വിവരാവകാശ കമ്മീഷണര്‍ അറിയിച്ചത്. പുതിയ പരാതി കൂടി ലഭിച്ചതോടെ റിപ്പോര്‍ട്ട് പുറത്തു വിടുന്നത് ഇനിയും വൈകുമെന്നത് വ്യക്തമാണ്.