തങ്ങള്‍ക്ക് ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹനിയാട്ടം മതി;വിമര്‍ശനവുമായി നടന് ഹരീഷ് പേരടി
ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. തങ്ങള്‍ക്ക് ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹനിയാട്ടം മതിയെന്ന് നടന് പറഞ്ഞു. ഈ അധിക്ഷേപത്തില്‍ പ്രതിഷേധിച്ച് ആര്‍എല്‍വി രാമകൃഷ്ണന് ഇനി മോഹിനിയാട്ടം കളിക്കുമ്പോള്‍ മുഖത്തും ശരീരത്തിലും വെള്ള പൂശരുതെന്നും നടന് ആവശ്യപ്പെട്ടു.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന് രംഗത്തെത്തുകയായിരുന്നു.