ഏകദിന ക്രിക്കറ്റില്‍ ഭയമില്ലാതെ കളിക്കാന്‍ കഴിയുന്ന താരങ്ങളെ കണ്ടെത്തണം ; ശ്രീലങ്കന്‍ പരമ്പരയ്ക്ക് തയ്യാറെടുപ്പുകളുമായി ഗംഭീര്‍
ഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഭാവിയില്‍ ആരെയൊക്കെ ടീമില്‍ വേണമെന്ന് ഈ പരമ്പരയിലൂടെ മനസിലാക്കണമെന്നാണ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ നിലപാട്. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് പരമ്പരയില്‍ വിശ്രമം അനുവദിക്കാന്‍ കഴിയില്ലെന്ന് ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ മുന്‍ താരം തന്റെ പദ്ധതികള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിതയിരിക്കുന്നത്.
ഏകദിന ക്രിക്കറ്റില്‍ ഭയമില്ലാതെ കളിക്കാന്‍ കഴിയുന്ന താരങ്ങളെ കണ്ടെത്തണം. ഒപ്പം വ്യത്യസ്തമായ ബാറ്റിംഗ് ശൈലിയിലുള്ള താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തണം. ആങ്കര്‍ റോള്‍ കളിക്കുന്ന താരങ്ങളുടെ സംഭാവന നിര്‍ണായകമാണ്. ന്യൂബോളുകള്‍ രണ്ടെണ്ണം ഉപയോഗിക്കുന്നതിനാല്‍ റിവേഴ്‌സ് സ്വിംഗുകള്‍ ലഭിക്കില്ല. പാര്‍ട്ട് ടൈം സ്പിന്നേഴ്‌സിനെ പന്തേല്‍പ്പിക്കാന്‍ കഴിയില്ല. പകരമായി ഒരു അധിക സ്പിന്നര്‍ ടീമിലുണ്ടാകണം. ഈ റോളുകള്‍ ചെയ്യാന്‍ കഴിയുന്ന താരങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ഗംഭീര്‍ പ്രതികരിച്ചു.
ജൂലൈ 27ന് ട്വന്റി 20 മത്സരത്തോടെയാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഹാര്‍ദ്ദിക്ക് പാണ്ഡ്യയോ സൂര്യകുമാര്‍ യാദവോ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകുമെന്നാണ് സൂചന. രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചാല്‍ കെ എല്‍ രാഹുലിനെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തേക്കും. മലയാളി താരം സഞ്ജു സാംസണ്‍ രണ്ട് ടീമിലും ഇടം നേടിയേക്കും. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകനാകുന്ന ആദ്യ പരമ്പരയാണിത്.