സരിനൊപ്പം ചേര്‍ന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എകെ ഷാനിബ് ഡിവൈഎഫ്ഐയിലേയ്ക്ക്

സരിനൊപ്പം ചേര്‍ന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എകെ ഷാനിബ് ഡിവൈഎഫ്ഐയിലേയ്ക്ക്

തിരുവനന്തപുരം: നേതൃത്വത്തെ തള്ളിപ്പറഞ്ഞ് സരിനൊപ്പം ചേര്‍ന്ന മുന് യൂത്ത് കോണ്‍ഗ്രസ് നേതാവ് എകെ ഷാനിബ് ഡിവൈഎഫ്ഐയിലേയ്ക്ക്. ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി യോഗം വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ചേരുന്നുണ്ട്. യോഗത്തിന് ശേഷം ഷാനിബിനെ സംഘടനയിലേക്ക് സ്വീകരിക്കുമെന്നാണ് വിവരം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേളയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ ഷാനിബ് സരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവരികയായിരുന്നു.

കേരളത്തിലെ കോണ്‍ഗ്രസ് തെറ്റില്‍ നിന്നും തെറ്റിലേക്ക് നിരന്തരം സഞ്ചരിക്കുകയാണ്. ഒരു സാധാരണ കോണ്‍ഗ്രസുകാരനാണ് എന്നുപറഞ്ഞ് തുടരുന്നതുപോലും മതേതര കേരളത്തോട് ചെയ്യുന്ന അനീതിയാണെന്നും പറഞ്ഞ് ഷാനിബ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ഷാനിബ് ഡിവൈഎഫ്‌ഐയില്‍ ചേരുന്നത്.

എ കെ ഷാനിബിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നിലപാട് തുറന്ന് പറഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും ഒരു കോണ്‍ഗ്രസുകാരനായി തന്നെ തുടരുക എന്ന എന്റെ ആഗ്രഹം ഞാന്‍ ഇവിടെ ഉപേക്ഷിക്കുകയാണ്. ഒരേ സമയം ആര്‍എസ്എസ് മായും എസ്ഡിപിഐയുമായും തെരഞ്ഞെടുപ്പ് ബന്ധത്തിന് ശ്രമിക്കുന്ന കോണ്‍ഗ്രസും മുസ്ലിം ലീഗും കേവലം അധികാര രാഷ്ട്രീയം മാത്രമാണ് ലക്ഷ്യമാക്കുന്നത്.

ഗോള്‍വാള്‍ക്കറുടെ ഫോട്ടോക്ക് മുന്നില്‍ കൈ കൂപ്പി നില്‍ക്കുന്ന പ്രതിപക്ഷനേതാവും എസ്ഡിപിഐക്കാരന്റെ തോളില്‍ കൈയ്യിട്ട് നില്‍ക്കുന്ന യൂത്ത് നേതാവും തെളിച്ചമുള്ള ചിത്രങ്ങള്‍ ആയി നമ്മുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ പോലും അതിനെ ചോദ്യം ചെയ്യാന്‍ ഇല്ല എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധഃപതനം കൂടുതല്‍ വെളിവാക്കുന്നു.

വര്‍ഗീയതയെ എന്നും അകറ്റി നിര്‍ത്തുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്ന സമസ്ത പോലുള്ള സംഘടനകളില്‍ ഭിന്നിപ്പ് ഉണ്ടാക്കുകയും എന്നാല്‍ വര്‍ഗ്ഗീയ സംഘടനകളെ ചേര്‍ത്ത് പിടിക്കുകയും ചെയ്യുന്ന നിലപാട് ആണ് ലീഗും കോണ്‍ഗ്രസും സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയെ തലോടുന്ന കാഴ്ചയും നമ്മള്‍ തുടരെ കണ്ടുകൊണ്ടിരിക്കുകയാണ്.

”ഇനിയും അധികാരത്തില്‍ നിന്ന് മാറി നിന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തിലും തകരും അത് കൊണ്ട് ആരെ കൂട്ട് പിടിച്ചിട്ട് ആണെങ്കിലും അധികാരമേറണം ”എന്ന ന്യായം ചുറ്റും നില്‍ക്കുന്ന സ്തുതിപാഠകര്‍ക്ക് ദഹിച്ചാലും മതേതര വിശ്വാസികള്‍ ആയ സാധാരണ കോണ്‍ഗ്രസുകാര്‍ അംഗീകരിക്കാന്‍ പോകുന്നില്ല. പാലക്കാട് വിജയം എല്ലാറ്റിനും ഉള്ള മറുപടി ആണ് എന്ന നിലയില്‍ കാര്യങ്ങള്‍ വിലയിരുത്തി തിരുത്തലുകള്‍ക്ക് തയ്യാറാവാതെ പോകാന്‍ ആണ് പാര്‍ട്ടി തീരുമാനം എന്നാണ് അറിയാന്‍ കഴിഞ്ഞത്.

തെരഞ്ഞെടുപ്പ് വിജയമാണ് ന്യായാന്യായങ്ങളുടെ തീര്‍പ്പ് എന്ന കണ്ടെത്തലിലേക്ക് ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് എത്താന്‍ കഴിയുന്നെങ്കില്‍ നല്ല നമസ്‌കാരം എന്ന് മാത്രമേ പറയാന്‍ ഉള്ളൂ. തൃശൂര്‍ പരാജയത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടാനോ പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ച ചെയ്യാനോ റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കാനോ തയ്യാറാവാത്ത പാര്‍ട്ടി ഒരു തിരുത്തലിനും തയ്യാറല്ലെന്ന് വ്യക്തമാണ്.

തെറ്റില്‍ നിന്ന് തെറ്റിലേക്ക് തുടരെ തുടരെ സഞ്ചരിക്കുകയാണ് കോണ്‍ഗ്രസ്. പ്രത്യേകിച്ച് കേരളത്തിലെ കോണ്‍ഗ്രസ്. അധികാരത്തിലെത്താന്‍ ഏത് വര്‍ഗീയതയുമായും ചേരാന്‍ മടിയില്ലാത്ത അതിനെ ചോദ്യം ചെയ്യാന്‍ ഒരാള്‍ പോലും ബാക്കിയില്ലാത്ത പാര്‍ട്ടിയാണ് ഇന്നത്തെ കോണ്‍ഗ്രസ്. ഒരു സാധാരണ കോണ്‍ഗ്രസ്‌കാരനാണ് എന്ന് പറഞ്ഞ് തുടരുന്നത് പോലും ഇനി മതേതര കേരളത്തോട് ചെയ്യുന്ന അനീതിയാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )