മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രിയിൽ
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതായി ഡോക്ടർമാർ. ശനിയാഴ്ച രാത്രിയാണ് ആരോഗ്യനില വഷളായതിനെ തുടർന്ന് കാംബ്ലിയെ ശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടക്കത്തിൽ മൂത്രാശയ അണുബാധയും പേശിവലിവും അനുഭവപ്പെടുന്നതായാണ് കാംബ്ലി പറഞ്ഞത്. നിരവധി പരിശോധനകൾക്ക് ശേഷമാണ് മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്.
ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കുടുംബത്തിന്റെ പരിചരണത്തിലാണെന്നും ഒരു മാസം മുൻപ് സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാംബ്ലി വെളിപ്പെടുത്തിയിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കപിൽദേവ്, സുനിൽ ഗാവസ്കർ തുടങ്ങിയവർ ചികിത്സാസഹായവും പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.
കാംബ്ലിയുടെ ആരോഗ്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ചൊവ്വാഴ്ച കൂടുതൽ വൈദ്യപരിശോധനകൾ നടത്തുമെന്നും ഡോക്ടർ പറഞ്ഞു. ക്രിക്കറ്റ് കരിയർ അകാലത്തിൽ അവസാനിപ്പിക്കേണ്ടി വന്ന വിനോദ് കാംബ്ലിക്ക് അതിനു ശേഷം വലിയ ശാരീരിക വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. സാമ്പത്തിക തകർച്ചയിലുമായിരുന്നു മുൻ താരം. സച്ചിൻ തെൻഡുൽക്കറുടെ സാമ്പത്തിക സഹായത്തോടെ 2013ൽ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഒൻപത് വർഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ രാജ്യത്തിനു വേണ്ടി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.