എം.എ യൂസഫലി ഉപയോഗിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വില്‍പ്പനയ്ക്ക്
ന്യൂയോര്‍ക്ക്: എം.എ യൂസഫലി ഉയോഗിച്ചിരുന്ന സ്വകാര്യ ജെറ്റ് വിമാനം വില്‍പനയ്ക്ക്. അടുത്തിടെ വാങ്ങിയ പുതിയ വിമാനം യാത്രകള്‍ക്കായി ഉപയോഗിച്ചു തുടങ്ങിയതോടെയാണ്, നേരത്തെ ഉപയോഗിച്ചിരുന്ന എ6-വൈ.എം.എ ഗള്‍ഫ്‌സ്ട്രീം ജി-550 വിമാനം വില്‍പനയ്ക്ക് വെച്ചത്. സ്വകാര്യജെറ്റ് വിമാനങ്ങള്‍ വാങ്ങാനും വില്‍ക്കാനും സഹായിക്കുന്ന, അമേരിക്കയിലെ സ്റ്റാന്റണ്‍ ആന്‍ഡ് പാര്‍ട്ട്ണേഴ്സ് ഏവിയേഷന്‍ എന്ന കമ്പനിയാണ് വില്‍പനയ്ക്കായി പരസ്യം ചെയ്തിരിക്കുന്നത്. വിമാനങ്ങള്‍ വില്‍ക്കാനായി ലിസ്റ്റ് ചെയ്യുന്ന ഗ്ലോബല്‍ എയര്‍ ഡോട്ട് കോം ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളില്‍ എ6-വൈ.എം.എ വിമാനത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എട്ട് വര്‍ഷത്തോളം പഴക്കമുള്ളതാണ് വിമാനം. ആകെ 3065 മണിക്കൂറുകള്‍ പറന്നിട്ടുണ്ട്. അമേരിക്കയിലെ വിര്‍ജീനിയ ആസ്ഥാനമായുള്ള ജനറല്‍ ഡൈനാമിക്‌സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ്‌സ്ട്രീം എയറോസ്‌പേസ് കമ്പനി നിര്‍മിച്ച വിമാനത്തിന് 16 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയാണുള്ളത്. വിമാനം വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന വില വെബ്‌സൈറ്റുകളില്‍ നല്‍കിയിട്ടില്ല. ഇതിനായി വില്‍പന നടത്തുന്ന കമ്പനിയെ നേരിട്ട് സമീപിക്കാനാണ് നിര്‍ദേശം. 2016ലാണ് 350 കോടിയിലധികം രൂപ ചെലവഴിച്ച് എം.എ യൂസഫലി ഗള്‍ഫ്‌സ്ട്രീം ജി-550 വിമാനം സ്വന്തമാക്കിയത്. ലെഗസി 650 വിമാനമായിരുന്നു അതിന് മുമ്പ് ഉപയോഗിച്ചിരുന്നത്. നിലവില്‍ ഗള്‍ഫ്‌സ്ട്രീം 600 വിമാനമാണ് പുതിയതായി യൂസഫലി വാങ്ങിയത്. ടി7-വൈഎംഎ എന്ന രജിസ്‌ട്രേഷനിലുള്ള പുതിയ വിമാനം 2023 ഡിസംബര്‍ അവസാനത്തില്‍ ഗള്‍ഫ്‌സ്ട്രീം എയറോസ്‌പേസ് കമ്പനി നിര്‍മിച്ചതാണ്. ഈ വിമാനത്തിന് 483 കോടിയോളം രൂപ വില വരും.