ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി സുപ്രീം കോടതി
തിരുവനന്തപുരം: ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി സുപ്രീം കോടതി. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഉടമ ജേക്കബ് സാംസണും മറ്റു പ്രതികളും കീഴടങ്ങണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പതിനഞ്ച് ദിവസത്തിനകം കീഴടങ്ങാനാണ് നിര്‍ദ്ദേശം. വിചാരണക്കോടതിയില്‍ സ്ഥിരജാമ്യത്തിന് അപേക്ഷിക്കാനും കോടതി നിര്‍ദേശിച്ചു.
120 കേസുകളാണ് ജേക്കബ് സാംസണ് എതിരെയുള്ളത്. ഇതില്‍ പേട്ട സ്വദേശി സജാദ് കരീം നല്‍കിയ ഒരു കേസിലാണ് മൂന്‍കൂര്‍ ജാമ്യം തള്ളിയത്. നടി ധന്യ മേരീ വര്‍ഗീസിന്റെ ഭര്‍ത്താവും ജേക്കബ് സാംസണിന്റെ മകനുമായ ജോണ്‍ ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാണ്. നടി ധന്യ മേരീസ് വര്‍ഗീസ് ഉള്‍പ്പെടെ പ്രതിയായ ഫ്‌ലാറ്റ് തട്ടിപ്പ് കേസുകളില്‍ നേരത്തെ പലതിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
കേസില്‍ ജേക്കബ് സാംസണായി മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്, അഭിഭാഷകന്‍ മനു ശ്രീനാഥ് എന്നിവരും കേസിലെ പരാതിക്കാരനായ സജാദ് കരീമിനായി അഭിഭാഷകന്‍ എം ഗീരീഷ് കുമാറും, സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ നിഷേ രാജന്‍ ഷൊങ്കറും ഹാജരായി.