സ്ത്രീ സംവരണ കോച്ചില്‍ പുരുഷന്‍മാര്‍ ; പിഴ ചുമത്തി റെയില്‍വേ
കണ്ണൂര്‍: ട്രെയിനുകളിലെ ലേഡീസ് കോച്ചില്‍ പുരുഷന്‍മാര്‍ കയറുന്നത് പതിവാകുന്നു. പരാതി കൂടിയതോടെ 500 രൂപ പിഴ ഈടാക്കാനാണ് റെയില്‍വേയുടെ തീരുമാനം. സ്ത്രീ സംവരണ കോച്ചില്‍ പുരുഷന്‍മാര്‍ കയറിയാല്‍ സെക്ഷന്‍ 162 പ്രകാരം ചുരുങ്ങിയത് 500 രൂപ വരെ പിഴ ഇടാക്കാം.
കഴിഞ്ഞ വര്‍ഷം 2424 പേരില്‍നിന്ന് 9.11 ലക്ഷം രൂപയും 2022-ല്‍ 1153 പേരില്‍നിന്നായി 4.70 ലക്ഷം രൂപയും പിഴ ഈടാക്കിയിരുന്നു. അകത്തും പുറത്തും ലേഡീസ് എന്ന് എഴുതിവെച്ചിട്ടും ഈ പ്രവണത തുടരുകയാണ്. പരാതി പറയാന്‍ തീവണ്ടികളില്‍ ആര്‍പിഎഫ് ഇല്ലാത്തതും യാത്രക്കാര്‍ക്ക് തിരിച്ചടിയാണ്.
ഇക്കൂട്ടത്തില്‍ തിരക്കിനിടയില്‍ കോച്ച് മാറി അബദ്ധത്തില്‍ കയറുന്നവരുമുണ്ട്. പരശുറാം, വഞ്ചിനാട്, വേണാട് ഉള്‍പ്പെടെ കേരളത്തിലോടുന്ന 12 തീവണ്ടികളില്‍ രണ്ടു വീതവും മലബാര്‍, മാവേലി, ഏറനാട് എക്സ്പ്രസുകളില്‍ ഒന്നുവീതവും ലേഡീസ് കോച്ചുകളുണ്ട്. സുരക്ഷയുടെ ഭാഗമായി ലേഡീസ് കോച്ചുകള്‍ മധ്യത്തിലും പിറകില്‍ ഗാര്‍ഡിനോട് ചേര്‍ന്നുമായിരിക്കും ഉണ്ടാവുക. ഇതില്‍ മാറ്റം വരുമ്പോഴാണ് മാറിക്കയറലും പ്രശ്നങ്ങളും ഉണ്ടാവുന്നത്.