ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണങ്ങൾ ; ഒടുവിൽ ഒരുലക്ഷം സംഭാവന നൽകി അഖിൽ മാരാർ

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണങ്ങൾ ; ഒടുവിൽ ഒരുലക്ഷം സംഭാവന നൽകി അഖിൽ മാരാർ

മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയും കടുത്ത പ്രചാരണങ്ങൾ നടത്തിയ സംവിധായകൻ അഖിൽ മാരാർ ഒടുവിൽ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവനചെയ്തു.ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാൽ 1 ലക്ഷം കൊടുക്കാം എന്നു നേരത്തെ തന്നെ പറഞ്ഞിരുന്ന അഖിൽ മാരാർ മറുപടി ലഭിച്ച ശേഷം ഇട്ട പോസ്റ്റിൽ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാൽ കമന്റുകളിൽ വിമർശനം ഉയർന്നതോടെ അതേ പോസ്റ്റ് എഡിറ്റ് ചെയ്ത് 1 ലക്ഷം കൊടുക്കാം എന്ന് പ്രഖ്യാപിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം നൽകേണ്ട എന്ന വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിന് തനിക്കെതിരെ കേസ് എടുത്തിരുന്നുവെന്ന് അഖിൽ മാരാർ പറഞ്ഞു. എന്നാൽ ഒരാളോട് പോലും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൊടുക്കരുത് എന്ന് താൻ പറഞ്ഞിട്ടില്ല. പകരം മൂന്ന് വീടുകൾ വെച്ചു നൽകും എന്നുപറഞ്ഞു. കണക്കുകൾ ആറുമാസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചാൽ വീട് വെയ്ക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിൽ തന്നെ ഇടാൻ തയ്യാറാണ് എന്ന് അന്നുതന്നെ താൻ പറഞ്ഞിരുന്നു. താനുയർത്തിയ സംശയങ്ങൾ ജനങ്ങൾ ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞുവെന്നും അഖിൽ എഴുതി.

അതേസമയം, ‘ചോദ്യം തീ പിടിപ്പിക്കും എങ്കിൽ അത് കെടുത്താൻ മറുപടി പറഞ്ഞെ പറ്റു മുഖ്യമന്ത്രി…ഇരട്ട ചങ്കൻ മുഖ്യനെ കൊണ്ട് മറുപടി പറയിക്കാൻ കഴിഞ്ഞത് പ്രിയപ്പെട്ട ജനങ്ങളെ നിങ്ങളുടെ ശക്തിയാണ്… നിങ്ങൾക്ക് ഒരായിരം സ്നേഹം..എന്റെ ചോദ്യത്തിന് പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നു.. ഇത് പോലെ കണക്കുകൾ കൂടി ബോധ്യപ്പെടുത്തിയാൽ തകർന്ന് വീഴുന്നത് അങ്ങയെ മോശമാക്കി ചിത്രീകരിച്ചത് മാധ്യമങ്ങളും പ്രതിപക്ഷവും ആണ്.

അടുത്ത മുഖമന്ത്രി കസേര സ്വപ്നം കാണുന്നവർക്ക് മുന്നിൽ അഭിമാനത്തോടെ നിൽക്കാൻ ജനങ്ങളുടെ സംശയങ്ങൾക്ക് ഇത് പോലെ മറുപടി നൽകു….വ്യക്തമല്ലാത്ത പൂർണതയില്ലാത്ത വെബ്സൈറ്റ് വിവരങ്ങൾ ആണ് എന്റെ ചോദ്യങ്ങൾക്ക് കാരണം…ഇനി ആർക്കൊക്കെ ആണ് ലാപ്ടോപ് നൽകിയതെന്ന് കണക്കുകൾ പ്രസിദ്ധീകരിക്കുക. വ്യക്തത ആണ് ജനങ്ങൾക്ക് ആവശ്യം. ഇനിയും ചോദ്യങ്ങൾ ഉയരും…’ എന്നായിരുന്നു അഖിൽ ആദ്യം എഴുതിയുരുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )