തോമസ് മാത്യു ക്രൂക്കസ്; കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിലും ഗെയിമിങിലും തല്പരന്‍, ശാന്തനായ വിദ്യാര്‍ത്ഥി; ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്ത അക്രമിയെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് എഫ്ബിഐ
പെന്‍സില്‍വാലിയ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്ത അക്രമിയെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് എഫ്ബിഐ. തോമസ് മാത്യു ക്രൂക്കസ് എന്ന ഇരുപതുകാരനാണ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്തത്. പെന്‍സില്‍വേനിയ സ്വദേശിയാണ് തോമസ് മാത്യു ക്രൂക്കസ്. ഞായറാഴ്ച പെന്‍സില്‍വാലിയെയിലെ ബട്ലര്‍ എന്ന് സ്ഥലത്തുവെച്ചാണ് തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് വെടിയേറ്റത്. തലനാരിഴയ്ക്കാണ് ട്രംപ് മരണത്തില്‍ നിന്ന് രക്ഷപെട്ടത്.
സംഭവത്തില്‍ പരിപാടിക്കെത്തിയ 50 കാരനായ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രംപിന്റെ വലതു ചെവിക്ക് പരിക്കേറ്റു.
ട്രംപ് സംസാരിച്ചുകൊണ്ടിരുന്ന വേദിയില്‍ നിന്ന് 140 മീറ്റര്‍ അകലെയുള്ള കെട്ടിടത്തിന് മുകളില്‍ നിന്നാണ് തോമസ് വെടിയുതിര്‍ത്തത്. തോമസിന്റെ പിതാവ് നിയമപരമായി വാങ്ങിയ എആര്‍-15-സ്‌റ്റൈല്‍ സെമി ഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പെന്‍സില്‍വാനിയയിലെ ബെഥേല്‍ പാര്‍ക്ക് സ്വദേശിയാണ് തോമസ് മാത്യു ക്രൂക്കസ്. രജിസ്റ്റര്‍ ചെയ്ത റിപ്പബ്ലിക്കന്‍ ആയിരുന്ന തോമസ്, ഈ വര്‍ഷം നവംബര്‍ 5ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ ആദ്യ പ്രസിഡന്റ് വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹനായിരുന്നു.
2022-ല്‍ ബെഥേല്‍ പാര്‍ക്ക് ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടിയ ഇയാള്‍, മിടുക്കനും ശാന്തനുമായ വിദ്യാര്‍ത്ഥിയായിരുന്നു എന്നാണ് സഹപാഠികള്‍ പറയുന്നത്. എല്ലാവരോടും വളരെ ബഹുമാനത്തോടെ പെരുമാറാറുള്ള തോമസിനെ ഒരിക്കലും ഒരു രാഷ്ട്രീയക്കാരനായി കാണാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ ഹൈസ്‌കൂള്‍ കൗണ്‍സിലര്‍, റോയിട്ടേഴ്സിനോട് പറഞ്ഞത്.
തോമസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് ഭീഷണി സന്ദേശങ്ങള്‍ കണ്ടെടുത്തിട്ടില്ല. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുടെ ചരിത്രമില്ലെന്നും എഫ്ബിഐ പറഞ്ഞു. സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ അക്രമമോ സമാന പ്രവര്‍ത്തനങ്ങളുമായോ ബന്ധപ്പെട്ട പോസറ്റുകളില്ലാത്തതിനാല്‍, രാഷ്ട്രീയ ചായ്വിലേക്ക് എത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.
സ്‌കൂള്‍ കാലഘട്ടത്തില്‍ തോമസ് റൈഫിള്‍ ടീമില്‍ ചേരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മോശം ഷൂട്ടറായതിനാല്‍ ടീമില്‍ ഇടംനേടാനായില്ലെന്ന് ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍ വാര്‍ത്താ ഏജന്‍സിയായ എപിയോട് പറഞ്ഞു. കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കുന്നതിലും ഗെയിമുകള്‍ കളിക്കുന്നതിലുമായിരുന്നു തോമസിന് താല്‍പ്പര്യമെന്ന് സഹപാഠികളിലൊരാള്‍ പറഞ്ഞു.