തെക്കൻ കേരളത്തിൽ അതിശക്തമായ പെയ്യും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ദാന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിലാണ് മഴ മുന്നറിയിപ്പിൽ മാറ്റം. പുതിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ എട്ടു ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്.
പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച തിരുവന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഞായറാഴ്ച തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. തിരുവനന്തപുരത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴ ഇതുവരെ തോര്‍ന്നിട്ടില്ല.
മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. ദാന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിലാണ് കേരളത്തിലും ശക്തമായ മഴ പെയ്യുന്നത്. അതേസമയം, ഒഡീഷ – പശ്ചിമബംഗാൾ തീരം തൊട്ട ദാന ചുഴലിക്കാറ്റ് ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. പലയിടങ്ങളിലും വീടുകൾ തകർന്നു, മരങ്ങൾ കടപുഴകിവീണു, വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്.
കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്