‘എക്‌സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട്’; പണമിടപാട് സംബന്ധിച്ച് അന്വേഷണം വേണം; ഷോണ്‍ ജോര്‍ജ്
തിരുവനന്തപുരം: എക്‌സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ടുണ്ടെന്നും ഇതിലെ പണമിടപാട് സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഉപഹര്‍ജി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമന്നാവശ്യപ്പെട്ടാണ് ഷോണ്‍ ജോര്‍ജ് ഹര്‍ജി നല്‍കിയിരിക്കുന്നത്. എക്‌സാലോജികിന് എസ്എന്‍സി ലാവ്ലിന്‍, പ്രൈസ് വാട്ടേഴ്‌സ് കൂപ്പഴ്‌സ് (പിഡബ്ല്യുസി) കമ്പനികള്‍ പണം നല്‍കിയെന്ന് ഷോണ്‍ ജോര്‍ജ്ജ് ഹൈകോടതിയില്‍ ആക്ഷേപം ഉന്നയിച്ചു. രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയെന്നും തെളിവുകള്‍ ഇന്ന് പുറത്തു വിടുമെന്നും ഷോണ്‍ ജോര്‍ജ് അറിയിച്ചു.
ഇതിനിടെ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും വീണാ വിജയൻ്റെ എക്സാലോജികും ഉള്‍പ്പെട്ട പണമിടപാടുകൾ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ്ജ് പരാതി നൽകിയിരുന്നു. നേരത്തെ തന്നെ ഇന്ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു ഷോൺ ജോർജ്ജ് പരാതി നൽകിയിരുന്നത്. വിഷയത്തിൽ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ്ജ് ഹൈക്കോടതിയിലും ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സിഎംആര്‍എല്ലും വീണാ വിജയൻ്റെ എക്സാലോജികും ഉള്‍പ്പെട്ട പണമിടപാടുകൾ അന്വേഷിക്കാൻ എസ്എഫ്ഐഒയെ ചുമതലപ്പെടുത്തിയത്.