സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അര്‍ജുന്‍; വീട്ടുവളപ്പില്‍ നിത്യനിദ്ര

സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അര്‍ജുന്‍; വീട്ടുവളപ്പില്‍ നിത്യനിദ്ര

കോഴിക്കോട്: കേരളക്കരയെ ഒന്നാകെ സങ്കടത്തിലാഴ്ത്തി അര്‍ജുന്‍ യാത്രയായി. സാധാരണക്കാരായ മനുഷ്യരും രാഷ്ട്രീയക്കാരുമടക്കം വന്‍ ജനാവലിയാണ് അര്‍ജുനെ ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത്. പതിവായി ലോറിയുമായി യാത്ര ചെയ്തിരുന്ന അതേവഴികള്‍ ഇന്നവന്റെ അന്ത്യയാത്രയ്ക്കാണ് സാക്ഷിയായത്. തന്റെ ഏറ്റവും പ്രീയപ്പെട്ട വീട്ടിലാണ് അര്‍ജുന് വേണ്ടി ചിതയൊരുക്കിയത്.

ഒരുപിടിസ്വപ്നങ്ങളുമായി വീടിന്റെ പടിയിറങ്ങിയ അര്‍ജുന്‍ തിരിച്ചെത്തുന്നത് ചേതനയറ്റ ശരീരമായാണ്. അന്നവര്‍ അറിഞ്ഞിരുന്നില്ല അത് അര്‍ജുന്റെ അവസാന യാത്രയായിരുന്നുവെന്ന്. ജൂലൈ 16 ന് ഉണ്ടായ മണ്ണിടിച്ചിലിലും പേമാരിയിലും പെട്ട് ഗംഗാവലിപ്പുഴയുടെ അടിത്തട്ടില്‍ അര്‍ജുനും അവന്റെ ലോറിയും ഉറങ്ങിയത് 72 ദിവസങ്ങളാണ്. ഗംഗാവലി പുഴയുടെ 12 മീറ്റര്‍ താഴ്ചയില്‍ നിന്നുമാണ് അര്‍ജുന്റെ ലോറി കണ്ടെടുത്തത്. ലോറിയുടെ ക്യാബിനുള്ളില്‍ അര്‍ജുന്റെ മൃതദേഹവും ഉണ്ടായിരുന്നു.

75 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ അര്‍ജുനെ അവസാനമായി ഒരുനോക്ക് കാണാനായി കന്‍വാര്‍ മുതല്‍ കോഴിക്കോട് വരെ വഴിയോരങ്ങളില്‍ കണ്ണീരോടെ ജനസാഗരമാണ് കാത്തുനിന്നത്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം ഇന്നലെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി അര്‍ജുന്‍ തന്റെ മണ്ണില്‍ അന്തിയുറങ്ങുന്നു. അര്‍ജുനേ.. നീ എല്ലാവരുടെയും ഓര്‍മകളില്‍ ഇനി ജീവിക്കും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )