ഇ പി ജയരാജൻ്റെ ആത്മകഥാ വിവാദം; രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തി
സിപിഎം കേന്ദ്ര കമ്മറ്റിയംഗം ഇ.പി. ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തി പോലീസ്. ഡി.സി. ബുക്സ് ഉടമ രവി ഡി.സിയുടെ മൊഴിയാണ് പോലീസ് ഇന്ന് രേഖപ്പെടുത്തിയത്. കോട്ടയം ഡിവൈ.എസ്.പി. കെ.ജി. അനീഷാണ് രവിയുടെ മൊഴിയെടുത്തത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡി.ജി.പിക്ക് കൈമാറും. രണ്ട് മണിക്കൂറോളം മൊഴിയെടുക്കല്‍ നീണ്ടുനിന്നു. ഉച്ചക്ക് 12.30-നാണ് രവി എത്തിയത്. ഇ.പി. ജയരാജനുമായി ഡി.സി. ബുക്സിനു കരാര്‍ ഇല്ലെന്ന് ജീവനക്കാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. നേരത്തെ നവംബര്‍ 21ന് ഇ പി ജയരാജന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്.
ഇ.പി ജയരാജന്റേതെന്ന പേരില്‍ ആത്മകഥ പുറത്തുവന്ന സംഭവവുമായി ബന്ധപ്പെട്ട് ജയരാജന്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയതായി കോട്ടയം എസ് പി ഷാഹുല്‍ ഹമീദ് വ്യക്തമാക്കിയിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ഈ.പി. ജയരാജനും ഡി.സി. ബുക്‌സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യമാണ് പോലീസ് പരിശോധിക്കുന്നത്. പുസ്തകത്തിന്റെ 178 പേജുകളുടെ പി.ഡി.എഫ്. ഏതുവിധത്തിലാണ് പുറത്തുപോയത് എന്നതാണ് ഇ.പി. ജയരാജന്‍ പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്ന ചോദ്യം. അതില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും ഇ.പി. ജയരാജന്‍ പ്രതികരിച്ചിരുന്നു. പി.ഡി.എഫ്. ചോര്‍ന്നതിനേ കുറിച്ചും പോലീസ് അന്വേഷണം നടത്തും. ഡിസി ബുക്സിനെതിരെ ജയരാജന്‍ നിയമ നടപടി സ്വീകരിച്ചിരുന്നു. ആത്മകഥയില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയായിരുന്നു നിയമനടപടി.
കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരിലാണ് ഡിസി ബുക്‌സ് ഇ പി ജയരാജിന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം പുറത്തുവിട്ടത്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു സംഭവം. ആത്മകഥയില്‍ പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും ഇ പി രൂക്ഷ വിമര്‍ശനം ഉന്നയിച്ചായി ആരോപണം ഉയര്‍ന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദവും ഇ പി ഉയര്‍ത്തിയതായി വാര്‍ത്തകള്‍ പ്രചരിച്ചു.
ഇത് കൂടാതെ പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിനെതിരെയും ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചതായി ആത്മകഥയുടേതായി പുറത്തുവന്ന പിഡിഎഫ് ചൂണ്ടിക്കാട്ടി ആക്ഷേപം ഉയര്‍ന്നു. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ടെന്ന സൂചനകളും പുറത്തുവന്നു. ഇതിന് പിന്നാലെ ആരോപണങ്ങളെ പൂര്‍ണമായും തള്ളുന്ന നിലപാടാണ് ഇ പി ജയരാജന്‍ സ്വീകരിച്ചത്. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു ഇ പി പറഞ്ഞത്. പുറത്ത് വന്നത് വ്യാജ വാര്‍ത്തകളാണെന്നും കവര്‍ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു