വിവാദങ്ങൾക്കിടയിൽ ഇ പി ജയരാജൻ ഇന്ന് പാലക്കാട്; പി സരിനായി വോട്ടുതേടും
ആത്മകഥാ വിവാദത്തിനിടെ ഇ പി ജയരാജന് ഇന്ന് പാലക്കാട് എത്തും. ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി പി സരിന് വോട്ട് തേടിയാണ് ഇ പി പാലക്കാടെത്തുക. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പൊതുയോഗത്തില്‍ ഇ പി ജയരാജന് സംസാരിക്കും. വൈകീട്ട് 5 മണിക്കാണ് പൊതുസമ്മേളനം. സിപിഐഎമ്മിന്റെ പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്റ്റേഡിയം ഗൗണ്ടിനോട് ചേര്‍ന്നുള്ള പൊതു വേദിയിലാണ് പരിപാടി. ഇപിയുടെ ആത്മകഥയില്‍ സ്വാതന്ത്ര സ്ഥാനാര്‍ഥി ഡോ പി സരിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപിയുടെ നീക്കം. അതേ സമയം പുസ്തകത്തിന്റെ ഉള്ളടക്കം തള്ളിയ ഇപി ഡിജിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോള്‍ പാലക്കാട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചും ചര്‍ച്ച ചെയ്യണമെന്നാണ് ഇപി ജയരാജന് ആത്മകഥയില്‍ പറയുന്നത്. തലേദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷയില്‍ ആയിരുന്നു സരിന്. അത് നടക്കാതായപ്പോഴാണ് ഇരട്ടി വെളുക്കും മുമ്പേ മറുകണ്ടം ചാടിയത്. ശത്രുപാളയത്തിലെ വിള്ളല്‍ മുതലെടുക്കണം എന്നത് നേര്. പല ഘട്ടത്തിലും അത് പ്രയോജനപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ വയ്യാവേലിയായ സന്ദര്‍ഭങ്ങളും നിരവധിയാണ്. പി വി അന്‍വര്‍ അതിലൊരു പ്രതീകം. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വരുന്നവരെ കുറിച്ച് ആലോചിച്ചു വേണം തീരുമാനമെടുക്കാന്‍. സമാനമായി സരിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെയെന്ന് ഇപി ജയരാജന് പറയുന്നു.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബ്ബലമാണെന്നാണ് അടുത്ത വിമര്‍ശനം. പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി പി സരിന് വയ്യാവേലിയാകുമെന്നും പരാമര്‍ശമുണ്ട്. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങള്‍ തന്റേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇപി വ്യക്തമാക്കി. എന്നാല്‍ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്സ് മാധ്യമങ്ങളില്‍ വന്ന ഉള്ളടക്കം നിഷേധിച്ചില്ല.
ഇപി ജയരാജന്റെ ആത്മകഥയിലെ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിനും രംഗത്തെത്തിയിരുന്നു. പുറത്ത് വന്ന പ്രസ്താവനകള്‍ ഇപി ജയരാജന് നിഷേധിച്ചു എന്നാണ് മനസിലാക്കുന്നതെന്ന് പി സരിന് പറയുന്നു. ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു എന്നാണ് മനസിലാക്കുന്നതെന്ന് സരിന് പ്രതികരിച്ചു. ഏതെങ്കിലും തെറ്റിധാരണയുടെ പേരില്‍ തനിക്കെതിരെ പരാമര്‍ശം ഉണ്ടായെങ്കില്‍ അത് പരിശോധിക്കാമെന്ന് സരിന് വ്യക്തമാക്കി.