തെലങ്കാനയിലെ മുളുഗുവിൽ ഭൂചലനം; ഹൈദരാബാദിലും പ്രകമ്പനം; റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി
തെലങ്കാനയിലെ മുളുഗു ജില്ലയില്‍ ബുധനാഴ്ച രാവിലെ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. ബുധനാഴ്ച രാവിലെ 7:27 ഓടെയാണ് 40 കിലോമീറ്റര്‍ താഴ്ചയില്‍ ഭൂചലനം ഉണ്ടായതെന്നും ഇത് മുളുഗു മേഖലയെ കേന്ദ്രീകരിച്ചായിരുന്നുവെന്നും എന്‍സിഎസ് അറിയിച്ചു.
‘EQ of M: 5.3, On: 04/12/2024 07:27:02 IST, Lat: 18.44 N, Long: 80.24 E, Depth: 40 Km, ലൊക്കേഷന്‍: മുളുഗു, തെലങ്കാന.’ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പറഞ്ഞു.
മിതമായ തീവ്രതയുള്ള ഭൂചലനം മേഖലയെ ബാധിച്ചതിനാല്‍ മുളുഗുവിലും ഹൈദരാബാദ് ഉള്‍പ്പെടെയുള്ള സമീപ ജില്ലകളിലും ആളുകള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം ഉണ്ടായ നിമിഷത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പങ്കുവെച്ചു
‘കഴിഞ്ഞ 20 വര്‍ഷത്തിനിടെ ആദ്യമായി, തെലങ്കാനയില്‍ ഏറ്റവും ശക്തമായ ഭൂകമ്പം ഉണ്ടായി,.5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മുളഗുവില്‍ പ്രഭവകേന്ദ്രമായി. ഹൈദരാബാദ് ഉള്‍പ്പെടെ മുഴുവന്‍ തെലങ്കാനയിലും ഭൂചലനം അനുഭവപ്പെട്ടു. ഗോദാവരി നദീതടത്തില്‍ വീണ്ടും ഭൂകമ്പം ഉണ്ടായി, പക്ഷേ ശക്തമായ ഭൂകമ്പം.’ ‘തെലങ്കാന വെതര്‍മാന്‍’ എന്ന സോഷ്യല്‍ മീഡിയ ഉപയോക്താവ് എക്സില്‍ എഴുതി.
ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായതായി നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെലങ്കാന ഏറ്റവും കുറഞ്ഞ തീവ്രതയുള്ള മേഖലയായ സീസ്മിക് സോണ്‍ II ല്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ സോണ്‍ II മുതല്‍ ആരംഭിക്കുന്ന നാല് ഭൂകമ്പ മേഖലകളുണ്ട്, തുടര്‍ന്ന് സോണ്‍ III, സോണ്‍ IV, സോണ്‍ V എന്നിവയുണ്ട്. ഏറ്റവും ഉയര്‍ന്ന നിലയിലുള്ളതും ഏറ്റവും തീവ്രവുമായ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ സോണ്‍ V-ല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, ഇത് ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള മേഖലയായി മാറുന്നു.