വിവാഹബന്ധം നിയമപരമല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ല; ഹൈക്കോടതി

വിവാഹബന്ധം നിയമപരമല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ല; ഹൈക്കോടതി

കൊച്ചി: വിവാഹബന്ധം നിയമപരമല്ലെങ്കിൽ സ്ത്രീയുടെ പരാതിയിൽ പങ്കാളിക്കെതിരെയോ ബന്ധുക്കൾക്ക് എതിരെയോ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി. നിയമപ്രകാരമുള്ള വിവാഹമല്ല നടന്നതെങ്കിൽ പങ്കാളിയെ ഭർത്താവായി കണക്കാക്കാനാകില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍റെ നിരീക്ഷണം. തിരുവനന്തപുരം മണക്കാട് സ്വദേശിയായ യുവാവിനെതിരേ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസും കോടതി റദ്ദാക്കി.

ആദ്യ വിവാഹബന്ധം വേർപെടുത്താതെയാണ് ഹർജിക്കാരനും യുവതിയും 2009-ൽ ഒന്നിച്ച് താമസിച്ചു തുടങ്ങിയത്. ആദ്യ ബന്ധം വേർപെടുത്താത്ത സാഹചര്യത്തിൽ രണ്ടാം വിവാഹത്തിന് നിയമ സാധുതയില്ലെന്ന് 2013ൽ കുടുംബകോടതിയുടെ വിധി വന്നിരുന്നു. ഒരുമിച്ചു ജീവിച്ച കാലഘട്ടത്തിൽ ഹർജിക്കാരൻ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. എന്നാ‌ൽ ഭർത്താവല്ലാത്ത തനിക്കെതിരേ ഈ പരാതി നിലനിൽക്കില്ലെന്നാണ് ഹർജിക്കാരന്റെ വാദം.

ഭർത്താവോ ഭർതൃബന്ധുക്കളോ ഉപദ്രവിക്കുന്നതു മാത്രമാണ് ഗാർഹിക പീഡന നിയമ വ്യവസ്ഥയുടെ നിർവചനത്തിൽ വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഉത്തരവുകളടക്കം വിലയിരുത്തിയ കോടതി യുവാവിന്‍റെ വാദം ശരിെവച്ച് കേസിന്‍റെ തുടർ നടപടികൾ റദ്ദാക്കി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )