‘ദിവ്യക്ക് തെറ്റ് പറ്റി, തെറ്റ് തിരുത്തി മുന്നോട്ട് പോകും’: എം.വി ഗോവിന്ദൻ
തൃശ്ശൂര്‍: നവീന്‍ ബാബുവിന്റെ മരണത്തെത്തുടര്‍ന്ന് പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും ദിവ്യയെ മാറ്റിയ നടപടിയിൽ വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ദിവ്യ സിപിഎം കേഡറാണ്. ദിവ്യക്ക് തെറ്റ് പറ്റിയെന്നും തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും ഗോവിന്ദൻ പറഞ്ഞു. ജില്ലാ കമ്മറ്റിയിൽ ദിവ്യക്കെതിരായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുടക്കം മുതൽ നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നാണ് പാർട്ടി സ്വീകരിച്ച നിലപാട്. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യമാണ്. അത് പാർട്ടി നിലപാടല്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ദിവ്യ ഇപ്പോഴും പാർട്ടി കേഡറാണെന്നും പാർട്ടി നേതാക്കൾക്ക് ദിവ്യയുടെ അടുത്തേക്ക് പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലാണ് പി.പി ദിവ്യയെ ചുമതലകളിൽ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. രാത്രി ഓണ്‍ലൈനായി ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിന് അംഗീകാരം നല്‍കുകയും ചെയ്തു.