മര്യാദ കെട്ട ഒരു ബി.ജെ.പി അമ്മാവൻ എനിക്കെതിരെ 20 ലക്ഷം രൂപയുടെ കേസ് കോടതിയിൽ ഫയൽ ചെയ്തു; ബി.ജെ.പി വക്താവിനെതിരെ ധ്രുവ് റാഠി
ഡൽഹി: ബി.ജെ.പി മുംബൈ യൂണിറ്റിൻ്റെ വക്താവ് സുരേഷ് കരംഷി നഖുവക്കെതിരെ യുട്യൂബർ ധ്രുവ് റാഠി. മര്യാദ കെട്ട ബി.ജെ.പി അങ്കിൾ എന്നാണ് നഖുവയെ ദ്രുവ് വിശേഷിപ്പിച്ചത്. സുരേഷ് കരംഷി നഖുവ ദ്രുവിനെതിരെ മാനനഷ്ട്ടക്കേസ് നൽകിയിരുന്നു.”മര്യാദ കെട്ട ഒരു ബി.ജെ.പി അമ്മാവൻ എനിക്കെതിരെ 20 ലക്ഷം രൂപയുടെ കേസ് കോടതിയിൽ ഫയൽ ചെയ്തു. ഞാൻ അദ്ദേഹത്തെ അധിക്ഷേപിച്ചു എന്ന കാരണത്താൽ. എന്തുകൊണ്ടാണ് അവർ ഇത്രയധികം പരിഹസിക്കപ്പെടാൻ ആഗ്രഹിക്കുന്നത്? ഇപ്പോൾ അമ്മാവൻ്റെ അധിക്ഷേപ ചരിത്രം ഒരിക്കൽ കൂടി പരസ്യമാക്കും” റാഠി എക്സിൽ കുറിച്ചു.
ബുധനാഴ്ചയാണ് മാനനഷ്ടക്കേസിൽ ഡൽഹിയിലെ സാകേത് കോടതി റാഠിക്ക് സമൻസ് അയച്ചത്. ധ്രുവിൻറെ ഈയിടെ പുറത്തിറങ്ങിയ വീഡിയോകളിലൊന്ന് നഖുവയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച കേസിലാണ് ഡൽഹി കോടതി സമൻസ് അയച്ചത്. കേസ് പരിഗണിക്കുന്നത് ആഗസ്ത് ആറിലേക്ക് മാറ്റിയിട്ടുണ്ട്. ജൂലൈ 7ന് അപ്‍ലോഡ് ചെയ്ത വീഡിയോയാണ് കേസിനാധാരം. പ്രസ്തുത വീഡിയോയിൽ റാഠി തന്നെ അക്രമവും അധിക്ഷേപകരവുമായ ട്രോളെന്നാണ് വിശേഷിപ്പിച്ചതെന്ന് ബി.ജെ.പിയുടെ മുംബൈ ഘടകത്തിൻ്റെ വക്താവായ നഖുവ ആരോപിക്കുന്നു.
എന്നാൽ ഒരു അടിസ്ഥാനവുമില്ലാതെയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും തന്നെ അപമാനിക്കുകയാണ് ലക്ഷ്യമെന്നുമാണ് നഖുവ പറയുന്നത്. “ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കാട്ടുതീ പോലെ പടരുന്ന വളരെ പ്രകോപനപരമായ വീഡിയോയിൽ റാഠി തനിക്കെതിരെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിച്ചു” എന്ന് നഖുവ കോടതിയെ അറിയിച്ചതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്യുന്നു. റാഠിയുടെ വീഡിയോ കാരണം വ്യാപകമായ അപമാനവും പരിഹാസവും നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.