കെജ്രിവാള്‍ ജൂലൈ 25 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയണമെന്ന് ഡല്‍ഹി റൗസ് അവന്യൂ കോടതിയുടെ ഉത്തരവ്

കെജ്രിവാള്‍ ജൂലൈ 25 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയണമെന്ന് ഡല്‍ഹി റൗസ് അവന്യൂ കോടതിയുടെ ഉത്തരവ്

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 25 വരെ നീട്ടി ഡല്‍ഹി റൗസ് അവന്യൂ കോടതിയുടെ ഉത്തരവ്. മദ്യനയവുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളിയാഴ്ച സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രിയാണെന്നതും തടവില്‍ കഴിഞ്ഞ കാലയളവും പരിഗണിച്ചായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീകോടതിയുടെ രണ്ടംഗ ബെഞ്ച് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാല്‍ മദ്യനയത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുള്ളതിനാല്‍ കെജ്രിവാളിന് പുറത്തിറങ്ങാന്‍ സാധിക്കില്ല. ജൂണ്‍ 26നാണ് സിബിഐ കെജ്രിവാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മദ്യനയ അഴിമതിയുടെ മുഖ്യ ആസൂത്രകരിലൊരാളാണ് കെജ്രിവാള്‍ എന്നാണ് സിബിഐ ആരോപിക്കുന്നത്.

കെജ്രിവാളിന്റെ അടുത്ത അനുയായിയായ എഎപിയുടെ മീഡിയ ഇന്‍ ചാര്‍ജ് ആയിരുന്ന വിജയ് നായര്‍ വിവിധ മദ്യ നിര്‍മാതാക്കളുമായും കച്ചവടക്കാരുമായും ബന്ധപ്പെട്ടിരുന്നുവെന്നും കൂടാതെ മദ്യ നയത്തില്‍ അവര്‍ക്ക് അനുകൂലമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതിന് പണം ആവശ്യപ്പെട്ടുവെന്നും സിബിഐ കുറ്റപത്രത്തില്‍ സൂചിപ്പിച്ചിരുന്നു.

ഡല്‍ഹി മദ്യനയക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ആദ്യം ഇഡി കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തെ വിചാരണ കോടതി പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )