വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യ കുറിപ്പ് പുറത്ത്; ഐസി ബാലകൃഷ്ണന്റെയും എന്‍ഡി അപ്പച്ചന്റെയും പേരുകള്‍ കുറിപ്പില്‍

വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യ കുറിപ്പ് പുറത്ത്; ഐസി ബാലകൃഷ്ണന്റെയും എന്‍ഡി അപ്പച്ചന്റെയും പേരുകള്‍ കുറിപ്പില്‍

വയനാട്: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മകനും ആത്മഹത്യ ചെയ്യുന്നതിന് മുന്‍പെഴുതിയ അവസാന കുറിപ്പ് കണ്ടെത്തി. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിട്ടുള്ളത്. കെപിസിസി പ്രസിഡന്റിനും പ്രിയങ്കാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമാണ് കത്തെഴുതിയിരിക്കുന്നത്. എംഎല്‍എ ഐസി ബാലകൃഷ്ണന്റെയും വയനാട് സിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റെയും പേരുകള്‍ കത്തിലുണ്ട് എന്നാണ് വിവരം.

നിയമനത്തിനെന്ന പേരില്‍ പണം വാങ്ങിയത് എംഎല്‍എ ആണെന്ന് കത്തില്‍ പറയുന്നുണ്ട്. വലിയ ബാധ്യതകള്‍ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. എന്‍ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണനും പണം വാങ്ങാന്‍ ആവശ്യപ്പെട്ടു എന്ന് കൃത്യമായി കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പൊലീസ് കുറിപ്പിനെപ്പറ്റി കൃത്യമായി അന്വേഷിക്കട്ടെയെന്നും സത്യസന്ധമായ അന്വേഷണം നടത്തി തെറ്റുകാരനാണെങ്കില്‍ എന്നെ ശിക്ഷിക്കട്ടെ എന്നുമാണ് കുറിപ്പ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഐ സി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. പണം വാങ്ങാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നും തന്റെ രാജി പാര്‍ട്ടി തീരുമാനിക്കുമെന്നു ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

കല്‍പ്പറ്റ വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കേസ് അന്വേഷിക്കുന്നതിനിടെയാണ് കത്ത് പുറത്തുവരുന്നത്. നിയമന കോഴ വിവാദങ്ങള്‍ അടക്കം അന്വേഷണപരിധിയില്‍ വരും. ഒന്നരകോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യത ഉണ്ടെന്ന് വിജയന്‍ പറഞ്ഞിരുന്നു. ഇതോടെ കേസില്‍ ആരോപണവിധേയനായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്കും കുരുക്ക് മുറുകും. അന്വേഷണം തുടങ്ങിയതായി വിജിലന്‍സ് ഡിവൈഎസ്പി നേരത്തെ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയനും മകനും ആത്മഹത്യ ചെയ്തതോടെയാണ് ഐ സി ബാലകൃഷ്ണനെതിരെ ഗുരുതര നിയമന ആരോപണങ്ങള്‍ പുറത്തുവരുന്നത്. കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐസി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനിടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും രേഖകള്‍ക്കും എതിരെ ഐ സി ബാലകൃഷ്ണന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. നീതിയുക്തമായി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധിയാണ് താനെന്നും പണം വാങ്ങാന്‍ ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയില്ലെന്നും ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )