ഇപിയുടെ കട്ടന്‍ചായയും പരിപ്പുവടയും അത്ര പോരെന്ന്? സര്‍ക്കാരിന് രൂക്ഷവിമര്‍ശനം, പാര്‍ട്ടി തഴഞ്ഞുവെന്നും ആത്മകഥയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ സര്‍ക്കാരിനെയും പാര്‍ട്ടിയെയും വെട്ടിലാക്കി വീണ്ടും ഇ പി ജയരാജന്‍ രംഗത്ത്. ഇ പി ജയരാജന്റെ ആത്മകഥയായ കട്ടന്‍ചായയും പരിപ്പുവടയും എന്ന പുസ്തകത്തില്‍ പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉള്ളത്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദമാണ് ഇ പി ജയരാജന്‍ പുസ്തകത്തില്‍ ഉയര്‍ത്തിയിട്ടുള്ളത്. ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നിരവധിയുണ്ടെങ്കിലും ഇതിനപ്പുറം ജനങ്ങള്‍ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.
ഒന്നാം പിണറായി സര്‍ക്കാരിനെക്കുറിച്ചുള്ള മികച്ച അഭിപ്രായം രണ്ടാം പിണറായി സര്‍ക്കാരിനില്ല എന്ന് മാത്രമല്ല, താരതമ്യേന ദുര്‍ബലമാണെന്ന വാദവും ജയരാജന്‍ പുസ്തകത്തില്‍ ഉയര്‍ത്തി. സംഘടനാപരമായും രാഷ്ട്രീയപരമായും തിരുത്തലുകള്‍ വേണമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയോ എന്ന് സംശയമുണ്ടെന്നും ഇ പി ജയരാജന്‍ പറയുന്നു. ഇത് കൂടാതെ പി സരിനെതിരെയും ജയരാജന്‍ രംഗത്തെത്തി. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി വി അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും ഇ പി പറയുന്നു. സരിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്നും ഇ പി പറയുന്നുണ്ട്. അന്‍വറിന്റെ പിന്നില്‍ തീവ്രവാദ ശക്തികളാണെന്നും ഇ പി എഴുതുന്നുണ്ട്.
വിവാദ ദല്ലാള്‍ വിഷയത്തിലും ഇ പി തുറന്നെഴുതിയിരിക്കുന്നു. ശോഭാ സുരേന്ദ്രനെ കണ്ടത് ഒരു പ്രാവശ്യം മാത്രമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത് പാര്‍ട്ടി തന്നെ കേള്‍ക്കാതെയാണെന്നും ഇപി എഴുതുന്നു. താന്‍ ഇല്ലാത്ത സെക്രട്ടേറിയേറ്റിലാണ് തന്നെ നീക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നത്. പാര്‍ട്ടി മനസിലാക്കിയില്ല എന്നതാണ് താന്‍ നേരിട്ട ഏറ്റവും വലിയ പ്രയാസം. കേന്ദ്രകമ്മിറ്റിയാണ് തനിക്കെതിരെ തീരുമാനമെടുക്കേണ്ടത് എന്നിരിക്കെ, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനം അണികള്‍ക്കിടയില്‍ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ഇപി തുറന്നെഴുതുന്നു. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വലിയ രീതിയില്‍ ചര്‍ച്ചയാക്കിയത്, അതും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പാകെ താനെ ചര്‍ച്ചയാക്കിയതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട് എന്നും ഇപി എഴുതുന്നു.
ദേശാഭിമാനി പത്രം സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് പരസ്യവും ബോണ്ടും വാങ്ങിയത് പാര്‍ട്ടിയെ അറിയിച്ച ശേഷമായിരുന്നുവെന്നും ഇ പി എഴുതുന്നുണ്ട്. എന്നാല്‍ വി എസ് തനിക്കെതിരെ ഇത് ആയുധമാകുകയാണുണ്ടായത്. വിഭാഗീയതയുടെ കാലത്ത് വലിയ രീതിയില്‍ പലരും തനിക്കെതിരെ ഈ വിഷയം എടുത്തിട്ടു. തന്നെ താറടിച്ചുകാണിക്കാന്‍ ശ്രമിച്ചുവെന്നും ഇ പി എഴുതുന്നു. ഏറെ വിവാദമായ വൈദേകം റിസോര്‍ട്ടിനെക്കുറിച്ചും ഇ പി എഴുതിയിട്ടുണ്ട്. നേതാക്കള്‍ക്ക് താമസിക്കാനാണ് ഈ കെട്ടിടം ഒരുക്കിയതെന്നാണ് ഇപിയുടെ വാദം. റിസോര്‍ട്ട് എന്ന് പേര് നല്‍കിയത് മാധ്യമങ്ങളാണ്. മകന്റെയും ഭാര്യയുടെയും പണമാണ് നിക്ഷേപിച്ചതെന്നും അവ കള്ളപ്പണമാണെന്ന് പിന്നീട് പറഞ്ഞുപരത്തപ്പെട്ടുവെന്നും ഇ പി പറയുന്നു. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് ഇ പി രംഗത്തെത്തി. താന്‍ എഴുതാത്ത കാര്യങ്ങളാണ് പുറത്തുവന്നതെന്ന് ഇ പി പ്രതികരിച്ചു.