ഡ്രൈ ഡേയിൽ ഇളവ്; പുതിയ മദ്യനയത്തിന് അംഗീകാരം നൽകി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്
പുതിയ മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി. ഡ്രൈ ഡേ പൂര്‍ണ്ണമായും ഒഴിവാക്കില്ല. എന്നാല്‍ ഉപാധികളോടെ ഡ്രൈഡേയില്‍ ഇളവ് നല്‍കും. ടൂറിസം ഡെസ്റ്റേഷന്‍ സെന്ററുകള്‍, അന്തര്‍ ദേശീയ സമ്മേളങ്ങള്‍ എന്നിവ നടക്കുന്ന സ്ഥലങ്ങളില്‍ ഡ്രൈഡേയില്‍ ഇളവ് അനുവദിക്കും. മുന്‍കൂര്‍ അനുമതി വാങ്ങിയാല്‍ മാത്രം മദ്യം ഡ്രൈയില്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കും. ഐടി പാര്‍ലറുകളില്‍ മദ്യശാലകള്‍ തുടങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും.
പുതിയ നയം ഔദ്യോഗികമായി പുറത്തിറങ്ങി ശേഷം ചട്ടഭേദഗതിയിലൂടെ ലൈസന്‍സ് നല്‍കും. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കില്ല. കള്ള് ഷാപ്പുകള്‍ നവീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളും പുതിയ മദ്യനയത്തിലുണ്ട്. ഡ്രൈ ഡേ മാറ്റുന്നതിനായി ബാറുടമകള്‍ പണപ്പിരിവ് നടത്തുന്നതായി ആരോപണം വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഡ്രൈ ഡേ മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഡ്രൈ ഡേ മാറ്റിയാല്‍ സര്‍ക്കാരിന് കോടികളുടെ അധിക വരുമാനമുണ്ടാകുമെന്നാണ് ചീഫ് സെക്രട്ടറി തല റിപ്പോര്‍ട്ട്.
പി.വി. അന്‍വര്‍ എം.എല്‍.എയുടെ പരാതി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിച്ചുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പരാതിയില്‍ പത്തനംതിട്ട എസ്.പി. ആയിരുന്ന സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തു. പി.വി. അന്‍വറിന്റെ പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത് ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അത് ഭരണതലത്തില്‍ പരിശോധിക്കേണ്ടതാണെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് ഒരുമാസത്തിനകം ലഭിക്കുമെന്നാണ് കരുതുന്നത്. റിപ്പോര്‍ട്ട് ലഭിക്കുന്ന ഘട്ടത്തില്‍ ഉയര്‍ന്നു വരുന്ന കാര്യങ്ങളില്‍ പാര്‍ട്ടിതലത്തില്‍ പരിശോധിക്കേണ്ടതായി എന്തെങ്കിലും ഉണ്ടെങ്കില്‍ അക്കാര്യം ശക്തമായി പരിശോധനക്ക് വിധേയമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തെറ്റായ സമീപനം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും കര്‍ശനമായ നടപടി പാര്‍ട്ടി തലത്തില്‍ സ്വീകരിക്കും. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്ന എല്ലാ പരാതികളും ഇത്തരത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. പി.വി. അന്‍വര്‍ പരാതി എഴുതി നല്‍കിയിട്ടില്ലെന്നും അതുകൊണ്ടു ശശിയെ സംബന്ധിച്ച് ഒരു തരത്തിലുള്ള അന്വേഷണത്തിലേക്കും പാര്‍ട്ടി കടക്കേണ്ടതില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.