ത്രിപുരയില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ പരിക്കേറ്റ സിപിഎം നേതാവ് മരിച്ചു; ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദ്
അഗര്‍ത്തല: ത്രിപുരയില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവ് ബാദല്‍ ഷില്‍ മരിച്ചു. അടുത്ത മാസം നടക്കാനിരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലാ പരിഷത്ത് സ്ഥാനാര്‍ഥിയായിരുന്നു ബാദല്‍ ഷില്‍. മത്സരരംഗത്തുണ്ടായിരുന്ന ഷില്ലിനെ കൊലപ്പെടുത്തിയത് ബി ജെ പി പിന്തുണയുള്ള ഗുണ്ടകളാണെന്ന് സി പി എം ആരോപിച്ചു.
ഷില്ലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് 12 മണിക്കൂര്‍ ബന്ദിന് സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരമാണ് സിപിഎം നേതാവ് ആക്രമിക്കപ്പെട്ടത്. തെക്കന്‍ ത്രിപുരയിലെ രാജ്നഗറില്‍ വെച്ചാണ് ഒരു സംഘമാളുകള്‍ ഷില്ലിനെ ആക്രമിച്ചതെന്ന് ത്രിപുര ഇടതുമുന്നണി കണ്‍വീനര്‍ നാരായണ്‍ കര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷില്‍ ശനിയാഴ്ച രാത്രിയോടെയാണ് മരണപ്പെടുന്നത്.
ഓഗസ്റ്റ് എട്ടിനാണ് ത്രിപുരയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇടതുമുന്നണി നേതാക്കളും പ്രവര്‍ത്തകരും ആക്രമണത്തിന് ഇരയാവുകയാണ്. ഭീഷണിപ്പെടുത്തി ജനാധിപത്യത്തെ അട്ടിമറിക്കാമെന്നാണ് ബിജെപി കരുതുന്നതെന്ന് ത്രിപുര ഇടതുമുന്നണി കണ്‍വീനര്‍ പറഞ്ഞു. ജനം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മറുപടി നല്‍കും. ഇന്നത്തെ ബന്ദിനോട് ജനം സഹകരിക്കണമെന്നും പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.