പി പി ദിവ്യയെ കൈവിടാതെ സിപിഐഎം; പാർട്ടി നടപടി ഉടനില്ല
കണ്ണൂര്‍: പി പി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടന്‍ ഇല്ല. തിടുക്കത്തില്‍ തീരുമാനം വേണ്ടെന്നും നിയമപരമായ നടപടികള്‍ മുന്നോട്ട് പോകട്ടെയെന്നുമാണ് തൃശൂരില്‍ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം വരുന്ന മുറയ്ക്ക് മാത്രം നടപടി മതിയെന്നും യോഗത്തില്‍ ധാരണയായി. ദിവ്യ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. കോടതി ഉത്തരവ് വരുന്നത് വരെ ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയേക്കില്ലെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യേപേക്ഷയിലെ ഉത്തരവ് കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 29-നാണ് വിധി പറയുന്നത്. എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു.
യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.