‘പണി മനസിലാക്കിത്തരാം’; നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ സിപിഐഎം നേതാവിന്റെ ഭീഷണിസന്ദേശം പുറത്ത്

‘പണി മനസിലാക്കിത്തരാം’; നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ സിപിഐഎം നേതാവിന്റെ ഭീഷണിസന്ദേശം പുറത്ത്

ഇടുക്കി: കട്ടപ്പനയിലെ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് വി ആര്‍ സജി ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്ത്. സിപിഎം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആര്‍ സജി. താന്‍ ബാങ്കില്‍ പണം ചോദിച്ച് എത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു.

ഈ മാസത്തെ പണത്തില്‍ പകുതി നല്‍കിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യം എന്തെന്നാണ് സജി തിരിച്ച് ചോദിക്കുന്നത്. വിഷയം മാറ്റാന്‍ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പറഞ്ഞ സജി, ‘പണി മനസ്സിലാക്കി തരാം’ എന്ന് സാബുവിനെ ഭീഷണിപ്പെടുത്തി. പണം തരാന്‍ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോള്‍ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്.

കേസില്‍ കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സാബു ബാങ്കില്‍ എത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. പ്രാഥമിക പരിശോധനയില്‍ സാബുവും ജീവനക്കാരും തമ്മില്‍ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോള്‍ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തുക. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാരം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )