കെ.എസ്.ആർ.ടി.സിക്ക് ലക്ഷങ്ങൾ പിഴയിട്ട് കോടതി
കോഴിക്കോട്: ഇൻഷുറൻസില്ലാത്ത കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ സ്‌കൂട്ടർ യാത്രികന് നഷ്ടപരിഹാരമായി എട്ടര ലക്ഷം രൂപ കെ.എസ്.ആർ.ടി.സി പിഴ അടയക്കണമെന്ന് കോടതി വിധി. കോഴിക്കോട് പ്രിൻസിപ്പൽ മോട്ടോർ ആക്‌സിഡൻസ് ക്ലെയിംസ് ട്രിബ്യൂണലാണ് വിധി പറഞ്ഞത്.2021 ജനുവരി 19ന് എരഞ്ഞിപ്പാലത്തുവെച്ചായിരുന്നു അപകടം. അമിത വേഗതയിലും അശ്രദ്ധയിലും എത്തിയ കെ.എസ്.ആർ.ടി.സി ബസ് പറമ്പിൽ ബസാർ വാണിയേരിത്താഴം താഴെ പനക്കൽ വീട്ടിൽ മൊയ്തീൻ കോയയുടെ മകൻ പി.പി. റാഹിദ് മൊയ്തീൻ അലി (27) സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി എം.പി. ശ്രീനിവാസൻ (46), കെ.എസ്.ആർ.ടി.സി മാനേജിങ്ങ് ഡയറക്ടർ, നാഷനൽ ഇൻഷൂറൻസ് കമ്പനി എന്നിവരെ യഥാക്രമം ഒന്നും, രണ്ടും, മൂന്നും എതിർകക്ഷികളാക്കിയാണ് പരിക്കേറ്റ റാഹിദ് മൊയ്തീൻ അലി കോഴിക്കോട് പ്രിൻസിപ്പൽ മോട്ടോർ ആക്‌സിഡൻസ് ക്ലെയിംസ് ട്രിബൂണലിൽ കേസ് ഫയൽ ചെയ്തത്.
അപകടം നടന്ന ദിവസം കെ.എസ്.ആർ.ടി.സി ബസിന് ഇൻഷൂറൻസ് ഇല്ലായിരുന്നുവെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് പലിശ അടക്കം 8,44,007 രൂപ കെ.എസ്.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവറും, കെ.എസ്.ആർ.ടി.സി മാനേജിങ്ങ് ഡയറക്ടറും ചേർന്ന് നൽകണമെന്ന് കോഴിക്കോട് പ്രിൻസിപ്പൽ മോട്ടോർ ആക്‌സിഡൻസ് ക്ലെയിംസ് ട്രിബൂണൽ ജഡ്ജ് കെ. രാജേഷ് ഉത്തരവിട്ടത്. പരിക്കേറ്റ റാഹിദിന് വേണ്ടി അഡ്വക്കറ്റ് എം. മുഹമ്മദ് ഫിർദൗസ് ഹാജരായി.