കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മരട് അനീഷിനെ കോടതി വെറുതെവിട്ടു
തൃശ്ശൂര്‍: കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അനീഷ് ആന്റണി എന്ന മരട് അനീഷിനെ കോടതി വെറുതെവിട്ടു. കുന്നംകുളത്ത് കുഴല്‍പ്പണം തട്ടിയെടുത്തു എന്നതായിരുന്നു അനീഷിനെതിരെയുളള കേസ്. ചാവക്കാട് അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയാണ് അനീഷിനെ വെറുതെ വിട്ടത്. ബസ് യാത്രക്കാരനായ യുവാവിന്റെ എട്ടര ലക്ഷം രൂപയാണ് മരട് അനീഷും സംഘവും കവര്‍ന്നെടുത്തത്. സിനിമാ സ്‌റ്റൈലില്‍ കാര്‍ കുറുകിയിട്ടായിരുന്നു അന്ന് കവര്‍ച്ച.
അനീഷ് കുറ്റം ചെയ്തതായി തെളിയിക്കാന്‍ പ്രോസിക്യൂഷനാകാത്തതിനാലാണ് അനീഷിനെ വെറുതെ വിട്ടത്. നേരത്തെ സാക്ഷികള്‍ അനീഷിന് അനുകൂലമായി മൊഴി കൊടുത്തിരുന്നു. കുഴല്‍പ്പണം, മയക്കുമരുന്ന് കടത്ത്, വധശ്രമം, ഗുണ്ടാ ആക്രണം തുടങ്ങിയ കേസുകളിലാണ് മരട് അനീഷ് നേരത്തെ ഉള്‍പ്പെട്ടിരുന്നത്. ഇംതിയാസ് വധക്കേസിലും സ്പിരിറ്റ് കടത്ത് കേസിലും പ്രതിയാണ് മരട് അനീഷ്. കൊച്ചി കേന്ദ്രീകരിച്ച് വന്‍ഗുണ്ടാസംഘവും ഇയാള്‍ക്കുണ്ട്. നേരത്തെ പലതവണ മരട് അനീഷിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ വാളയാര്‍ അതിര്‍ത്തിക്ക് സമീപം പൊലീസ് സിനിമാസ്‌റ്റൈലില്‍ പിടികൂടിയതും അന്ന് വാര്‍ത്തയിലിടം നേടിയിരുന്നു.