തെലുങ്ക് സ്ത്രീകൾക്ക് എതിരെ വിവാദ പരാമർശം; നടി കസ്തൂരിക്കെതിരെ കേസ്
ചെന്നൈ: തെലുങ്ക് സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ നടി കസ്തൂരിക്കെതിരെ കേസെടുത്ത് പൊലീസ്. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തി എന്നതടക്കമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കസ്തൂരിക്കെതിരെ എഗ്‌മൂർ പൊലീസ് കേസെടുത്തത്.
ഹിന്ദു മക്കൾ കക്ഷി എഗ്‌മൂറിൽ നടത്തിയ പ്രകടനത്തിലായിരുന്നു നടിയുടെ വിവാദ പരാമർശം. അഖിലേന്ത്യാ തെലുങ്ക് സമ്മേളനം എന്ന സംഘടന നൽകിയ പരാതിയിലാണു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം.
പരാമർശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും വലിയ പ്രതിഷേധമാണ് ഉണ്ടായത്. പരാമർശത്തിൽ മാപ്പപേക്ഷിക്കുന്നതായി നടി സമൂഹമാധ്യമത്തിൽ കുറിച്ചു. തന്റെ പരാമർശം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അനിയൻ ബാവ ചേട്ടൻ ബാവ അടക്കമുള്ള മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കസ്തൂരി ബിജെപി അനുഭാവിയാണ്.