കൊച്ചി കാൻസർ സെന്റർ നിർമാണം; വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: കൊച്ചി കാൻസർ റിസർച്ച് സെന്റെർ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. സർക്കാരടക്കം എതിർകക്ഷികളുടെ വിശദീകരണമാണ് ഹൈക്കോടതി തേടിയത്. കരാർപ്രകാരം 2020ൽ പൂർത്തിയാക്കേണ്ട കാൻസർ റിസർച് സെന്റെർ നിർമാണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.
നിർമാണത്തിന്റെ വിവരങ്ങൾ ഹാജരാക്കാൻ കിഫ്ബി, ഇൻകെൽ എന്നീ എതിർകക്ഷികളോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി ആറ്റുകാൽ സുരേന്ദ്രൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ആറുലക്ഷം ചതുരശ്ര അടിയുള്ള ആധുനിക കാൻസർ ചികിത്സ ആശുപത്രി കെട്ടിടത്തിന്റെ നിർമാണത്തിനുള്ള 355 കോടിയുടെ കരാർ കിഫ്ബി മുഖേന ഇൻകൽ കമ്പനിക്കാണ് നൽകിയത്.
ഇൻകൽ കമ്പനി പി ആൻഡ് സി കൺസ്ട്രക്ഷൻ എന്ന കമ്പനിക്ക് ഉപകരാർ നൽകുകയായിരുന്നു. 2019ൽ നിർമാണം നടന്നുകൊണ്ടിരിക്കെ കെട്ടിടത്തിന്റെ ഒരുഭാഗം പൊളിഞ്ഞു വീണു. തുടർന്ന് കിഫ്ബി താൽക്കാലികമായി പണി നിർത്തി വെച്ചെങ്കിലും ഇൻകെലിനെതിരെ നടപടി സ്വീകരിച്ചില്ല. നിർമാണം പെട്ടെന്ന് പൂർത്തീകരിക്കണമെന്നും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ധനകാര്യ പരിശോധന വിഭാഗമായ ചീഫ് ടെക്നിക്കൽ പരിശോധിച്ച് സമർപ്പിക്കണമെന്നുമാണ് ഹർജിയിലെ ആവിശ്യം.