മഞ്ജു വാര്യര്‍ക്കെതിരായ നടിയുടെ പരാതിക്കുപിന്നില്‍ ഗൂഢാലോചന; ഫൂട്ടേജ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍
കൊച്ചി: നടി മഞ്ജു വാര്യര്‍ക്ക് നടി ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഫൂട്ടേജ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഫൂട്ടേജ് സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റെന്നും ആവശ്യമായ ചികിത്സ സഹായങ്ങള്‍ ലഭിച്ചില്ലെന്നും കാണിച്ചാണ് നടി ശീതള്‍ തമ്പി മഞ്ജു വാര്യര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. ഇന്നലെ വരെ ഒരു പ്രശ്‌നവും ഇല്ലാതെ സംസാരിച്ചയാളാണ് ശീതള്‍ തമ്പിയെന്നും രാവിലെ നോട്ടീസ് കണ്ടപ്പോള്‍ ഞെട്ടി പോയി എന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു സിനിമയിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. പരിക്ക് പറ്റിയ ശീതളിനു ഇതുവരെ വേണ്ട എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ട്. നോട്ടീസ് നല്‍കിയ വക്കീലിന്റെ പേര് ഗൂഗിളില്‍ പരിശോധിച്ച് നോക്കൂ എന്നും സഹനിര്‍മതാവ് ബിനീഷ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ കാര്യങ്ങള്‍ എല്ലാം ബോധ്യമാവും. സിനിമയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും ബിനീഷ് ചന്ദ്രന്‍ പറഞ്ഞു. ശീതള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രം ആണ്. എന്നിട്ടും ഇതു വേണ്ടായിരുന്നു എന്നും ബിനീഷ് പറഞ്ഞു.
ഫൂട്ടേജ് ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ചാണ് നടി മഞ്ജു വാര്യര്‍ക്ക് നടി ശീതള്‍ തമ്പി വക്കീല്‍ നോട്ടിസ് അയച്ചിരിക്കുന്നത്. തനിക്ക് ഗുരുതരമായ പരിക്ക് പറ്റിയിട്ടും ചിത്രത്തിന്റെ നിര്‍മാതാവായ മഞ്ജു തിരിഞ്ഞു നോക്കിയില്ലെന്നാണ് ആരോപണം. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിയുമ്പോള്‍ ശീതളിന് കാര്യമായ രീതിയില്‍ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നുമാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്.
സൈജു ശ്രീധരന്‍ ഒരുക്കിയ ഫുട്ടേജിന്റെ റിലീസ് ദിനത്തിലാണ് ചിത്രത്തിലെ നടിയും നിര്‍മാതാവുമായ മഞ്ജു വാരിയര്‍ക്ക് മറ്റൊരു നടിയായ ശീതള്‍ തമ്പിയുടെ വക്കീല്‍ നോട്ടീസ്. 2023 ലായിരുന്നു ഫുട്ടേജിന്റെ ചിത്രീകരണം. അന്ന് ചിമ്മിനി വനമേഖലയില്‍ ഒരു രംഗം ആവര്‍ത്തിച്ച് ചിത്രീകരിച്ചപ്പോള്‍ തനിക്ക് ഗുരുതരമായി പരിക്കേറ്റു.
ലൊക്കേഷനില്‍ ഉണ്ടായിരുന്നവര്‍ ചുമന്നാണ് തന്നെ ചികിത്സയ്ക്കായി കൊണ്ടു പോയത്. ഒരു ആംബുലന്‍സോ പ്രഥമ ചികിത്സക്കുള്ള സൗകര്യമോ പോലും ലൊക്കേഷനില്‍ ഒരുക്കിയിരുന്നില്ല. തനിക്ക് നേരിട്ട ഗുരുതര പരിക്ക് ഇപ്പോഴും മാറിയിട്ടില്ലെന്നും ഇതു കാരണം സിനിമകളില്‍ അഭിനയിക്കാനോ കുറച്ച് സമയം നില്‍ക്കാനോ പോലും സാധിക്കുന്നില്ലെന്നും ശീതള്‍ തമ്പി ആരോപിക്കുന്നു.