‘അംബേദ്കര്‍’ വിവാദത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്; ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും
ദില്ലി : അംബേദ്കര്‍ വിവാദത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കും. കഴിഞ്ഞ ദിവസം ഇരുസഭകളും ഇതേ വിഷയത്തില്‍ സ്തംഭിച്ചിരുന്നു.
വിഷയത്തില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ യോഗം വിളിച്ചു. പാര്‍ലമെന്റിന് പുറത്തേക്കും പ്രതിഷേധം വ്യാപിപ്പിക്കും. അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിനും ഇന്ന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് ആഹ്വാനം.
അംബേദ്കര്‍ അംബേദ്കര്‍ എന്നാവര്‍ത്തിച്ച് പറയുന്നതിന് പകരം ദൈവത്തെ വിളിച്ചാല്‍ സ്വര്‍ഗത്തിലെങ്കിലും ഇടം കിട്ടുമെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. അമിത് ഷായ്ക്കെതിരായ പ്രതിപക്ഷ നീക്കം ശക്തമായി ചെറുക്കാന്‍ എംപിമാര്‍ക്കും വക്താക്കള്‍ക്കും ബിജെപി നിര്‍ദ്ദേശം നല്കി. കോണ്‍ഗ്രസ് അംബേദ്ക്കറെ അപമാനിച്ചത് ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയ അമിത് ഷാ കോണ്‍ഗ്രസ് സത്യത്തെ വളച്ചൊടിച്ച് വിവാദം ഉണ്ടാക്കുകയാണെന്ന് വിമര്‍ശിച്ചു.
ഭരണഘടന ചര്‍ച്ചാ വേളയില്‍ പങ്കെടുക്കാതിരുന്ന ഇന്ത്യ സഖ്യ എംപിമാരുടെ പട്ടിക ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. കേരളത്തിലെ എംപിമാരടക്കം ചിലര്‍ സഭയില്‍ ഇല്ലായിരുന്നു. ഈ എംപിമാരോട് രാഹുല്‍ ഗാന്ധി സംസാരിക്കും.