മുകേഷിന്റെ രാജിയാവശ്യം. സമാന പരാതിയിൽ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലലോ; ഇപി ജയരാജൻ

മുകേഷിന്റെ രാജിയാവശ്യം. സമാന പരാതിയിൽ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലലോ; ഇപി ജയരാജൻ

തിരുവനന്തപുരം: നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ മുകേഷ് എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടും രാജിയാവശ്യം അംഗീകരിക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സമാനമായ പരാതിയില്‍ നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലലോയെന്ന് ചോദിച്ചുകൊണ്ടാണ് മുകേഷിന്റെ രാജിയാവശ്യം ഇപി ജയരാജന്‍ തള്ളിയത്.

മുകേഷിനെതിരെ കേസെടുത്തത് ധാര്‍മികമായ നിലപാടാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ സംരക്ഷണത്തിനു സ്വീകരിച്ചത് ചരിത്ര നടപടിയാണ്. മുഖം നോക്കാതെയാണ് ശക്തമായ നടപടിയെടുത്തത്. പൊലീസ് നടപടിയും സ്വീകരിച്ചുവരുകയാണ്.

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും ചരിത്രപരമായ നടപടിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആരോടും മമത ഇല്ല. പ്രത്യേക സംരക്ഷണം നല്‍കില്ല. തെറ്റിന് ശിക്ഷ ഉണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമാന പരാതിയില്‍ രാജിവെച്ചില്ല. എല്ലാം കാത്തിരുന്ന് കാണാമെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു.

അതേസമയം, കേസെടുത്തശേഷം മുകേഷ് മാധ്യമങ്ങളോട് പ്രതികരിക്കുമെന്നാണ് വിവരം. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം പ്രതികരിക്കുമെന്ന് മുകേഷ് സുഹൃത്തുക്കളെ അറിയിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ തന്നെ മുകേഷ് ഉണ്ടെന്നും സുഹൃത്തുക്കള്‍ അറിയിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൊല്ലത്തെ മുകേഷിന്റെ എംഎല്‍എ ഓഫീസിന് മുന്നിലും പട്ടത്താനത്തെ വീടിന് സമീപവും പൊലീസ് സുരക്ഷ ശക്തമാക്കി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )