സംഭല്‍ സന്ദര്‍ശനത്തിന് ശ്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; പ്രവേശനം വിലക്കി പൊലീസ്
പള്ളി തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായ ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശനത്തിന് ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു. പിസിസി അധ്യക്ഷന്‍ അജയ് റായുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ അടങ്ങുന്ന സംഘമാണ് സംഭല്‍ സന്ദര്‍ശനത്തിന് എത്തിയത്. ലക്നൗ പാര്‍ട്ടി ഓഫീസില്‍ എത്തിയ സംഘത്തിന് സന്ദര്‍ശനം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുപി പോലീസ് നോട്ടീസ് നല്‍കി.
സന്ദര്‍ശനം മേഖലയില്‍ വീണ്ടും പ്രശ്നങ്ങളുണ്ടാക്കാന്‍ ഇടയാക്കും എന്നായിരുന്നു വിശദീകരണം. എന്നാല്‍ സമാധാനപരമായി സംഭല്‍ സന്ദര്‍ശിക്കുമെന്ന് നേതാക്കള്‍ തീരുമാനിച്ചു. സംഭലിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് സംഘത്തെ പോലീസ് തടഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുണ്ടായി. നേതാക്കള്‍ നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഡിസംബര്‍ 10 വരെ സംഭലില്‍ നിരോധനാജ്ഞ ഏര്‍പെടുത്തിരിക്കുകയാണ്. അതിനുശേഷം സന്ദര്‍ശനം നടത്തുമെന്ന് അജയ് റായ് പറഞ്ഞു.ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ആണ് പ്രതിപക്ഷത്തിന്റെ നീക്കം എന്ന് ബിജെപി വിമര്‍ശിച്ചു. നേരത്തെ മുസ്ലിംലീഗിന്റെയും സമാജ്വാദി പാര്‍ട്ടിയുടെയും സംഘങ്ങളുടെ സംഭല്‍ സന്ദര്‍ശനവും പോലീസ് തടഞ്ഞിരുന്നു.